സ്‌നോഡന് സംരക്ഷണം: റഷ്യയുടെ നടപടിയില്‍ അമേരിക്ക അതൃപ്‌തരാണ്!

Webdunia
വെള്ളി, 2 ഓഗസ്റ്റ് 2013 (15:11 IST)
PRO
PRO
വിക്കിലീക്‌സിന് അമേരിക്കന്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ എഡ്വേര്‍ഡ് സ്‌നോഡന് അഭയം നല്‍കാനുള്ള റഷ്യയുടെ തീരുമാനത്തില്‍ അമേരിക്ക അതൃപ്തതരാണ്. റഷ്യയുമായുള്ള ബന്ധത്തെക്കുറിച്ച് പുനര്‍വിചിന്തനം ആവശ്യമാണെന്ന് അമേരിക്ക പ്രതികരിച്ചു. ഇതോടെ റഷ്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലയുമെന്ന കാര്യം ഉറപ്പായി.

സ്‌നോഡനെ നിയമപരമായ വിചാരണക്ക് വിധേയനാക്കാന്‍ അമേരിക്കക്ക് കൈമാറുകയാണ് റഷ്യ ചെയ്യേണ്ടിയിരുന്നത്’ വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു. സ്‌നോഡന്‍ മോസ്‌കോ വിമാനത്താവളത്തില്‍ നിന്നും റഷ്യയിലേക്ക് കടന്നുവെന്ന വാര്‍ത്ത വന്നതിനുശേഷം അമേരിക്കയുടെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്.

ആവശ്യമായ രേഖകള്‍ ലഭിച്ചതോടെ സ്‌നോഡന്‍ റഷ്യന്‍ മേഖലയിലേക്ക് കടന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ തന്നെയാണ് വ്യക്തമാക്കിയത്. ഹോംങ്കോങ്ങില്‍ നിന്നും ജൂണ്‍ 23നാണ് സ്‌നോഡന്‍ റഷ്യയില്‍ രാഷ്ട്രീയാഭയം തേടിയത്. സ്വകാര്യവ്യക്തികളുടെ ടെലഫോണ്‍ ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്താനുള്ള അമേരിക്കയുടെ രഹസ്യപദ്ധതിയായ പ്രിസത്തെക്കുറിച്ചുള്ള വിവരങ്ങളാണ് സ്‌നോഡന്‍ വിക്കിലീക്‌സിന് കൈമാറിയത്. ഇതോടെയാണ് മുന്‍ സിഐഐ ചാരന്‍ കൂടിയായ സ്‌നോഡന്‍ അമേരിക്കയുടെ കണ്ണിലെ കരടായി. ഇതെ തുടര്‍ന്നാണ് സ്നോഡന്‍ ഒളിവില്‍ പോയത്.

കഴിഞ്ഞ ദിവസം പ്രാദേശിക സമയം ഉച്ചക്ക് രണ്ടുമണിയോടെ വിമാനത്താവളത്തിന് പുറത്ത് കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ചായിരുന്നു സ്‌നോഡന്‍ പുറത്തുകടന്നത്. സുരക്ഷാ കാരണങ്ങളാല്‍ സ്‌നോഡന്‍ എവിടെയാണ് ഉള്ളതെന്ന വിവരം റഷ്യ പുറത്തു വിട്ടിട്ടില്ല. 2013 ജൂലൈ 31 മുതല്‍ ഒരു വര്‍ഷത്തേക്കാണ് റഷ്യ സ്‌നോഡന് രാഷ്ട്രീയ അഭയം നല്‍കിയിരിക്കുന്നത്.