ലണ്ടനില്‍ മൂന്ന് സ്ത്രീകളെ മുപ്പതുവര്‍ഷത്തോളം അടിമകളാക്കിവെച്ച കേസിലെ പ്രതികളിലൊരാള്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്ന ഇന്ത്യക്കാരനാണെന്ന് ലണ്ടന്‍ പൊലീസ്.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇയാള്‍ സ്ത്രീകളെ പരിചയപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. ഇവര്‍ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നുവെന്ന് പൊലീസ് പറയുന്നു. അന്‍പതുവര്‍ഷം മുന്‍പ് ലണ്ടനിലെത്തിയ ഇയാളും ഭാര്യ എന്ന കരുതുന്ന ടാന്‍സാനിയക്കാരിയായ സ്ത്രീയും ചേര്‍ന്നാണ് സ്ത്രീകളെ വീട്ടുതടങ്കലിലാക്കിയത്.
67 വയസ്സുള്ള ഇരുവരും തെക്കന്‍ ലണ്ടനിലെ ലാംബെത് മേഖലയിലുള്ള വീട്ടിലാണ് സ്ത്രീകളെ അടിമകളാക്കി തടവിലിട്ടത്. മലേഷ്യ, അയര്‍ലന്‍ഡ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സ്ത്രീകള്‍. തടങ്കലില്‍ കഴിഞ്ഞിരുന്ന അയര്‍ലന്‍ഡ് സ്വദേശിനി ഒരു സന്നദ്ധസംഘടനയെ ഫോണില്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് മൂന്നുപേരുടെയും മോചനത്തിന് വഴിതെളിഞ്ഞത്.
സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നില്ല. മൂന്ന് സ്ത്രീകളെയും കൗണ്‍സലിങ്ങിന് പൊലീസ് വിധേയമാക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തില്‍ വിട്ടെങ്കിലും പാസ്‌പോര്‍ട്ട് അടക്കമുള്ള മറ്റ് രേഖകള്‍ നല്‍കിയിട്ടില്ല.