സൌദിയിലെ അബ്ദുള്ള രാജാവിനെ അട്ടിമറിക്കാനും സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാനും പ്രദേശവാസികള്‍ക്ക് ആഹ്വാനം നല്‍കികൊണ്ട് അല്‍-ക്വൊയ്ദ ഘടകം രംഗത്ത്. അബ്ദുള്ള അസ്സമിന്റെ നേതൃത്വത്തിലുള്ള തീവ്രവാദികളാണ് സൌദിയില്‍ ഭരണമാറ്റത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അബ്ദുള്ള രാജാവിന്റെയും കുടുംബത്തിന്റെയും അനാവശ്യ ചെലവുകള്‍, ജനങ്ങളുടെ ആവശ്യങ്ങളെ അവഗണിച്ചുകൊണ്ടുള്ള ഭരണം, യുഎസുമായുള്ള കൂട്ടുകെട്ട് എന്നീ കാര്യങ്ങളും ജനങ്ങള്‍ക്ക് സൌദിയിലെ എണ്ണ ശേഖരത്തില്‍ നിന്ന് പ്രയോജനം നല്‍കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നും ആരോപിച്ചാണ് അല്‍-ക്വൊയ്ദ ഘടകം വിപ്ലവ മുന്നേറ്റത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ടുണീഷ്യയിലെയും ഈജ്പ്തിലെയും ഭരണകര്‍ത്താക്കളെ അട്ടിമറിച്ചതില്‍ അല്‍-ക്വൊയ്ദ ഘടകം അഭിനന്ദനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജനങ്ങള്‍ക്ക് അവകാശങ്ങള്‍ നല്‍കാതിരിക്കുന്നതിലും ‘അള്ളാ’യുടെ മതത്തിനെതിരെ യുദ്ധം ചെയ്യുന്നതിലും അവിശ്വാസികളുമായി കൂട്ടുകെട്ടുന്നതിലും മാത്രമാണ് സൌദി ഭരണകൂടം മുന്‍പന്തിയെലെന്നും അല്‍-ക്വൊയ്ദ ഘടകം കുറ്റപ്പെടുത്തുന്നു.
സൌദിയില്‍ ഭരണമാറ്റം ആവശ്യപ്പെടുന്ന ഒരു ഫേസ്ബുക്ക് ആഹ്വാനത്തിന് ആവേശകരമായ പ്രതികരണം ലഭിച്ചതിനെ തുടര്‍ന്ന് രാജ്യവും ജനകീയ മുന്നേറ്റ വേദിയാകുമോ എന്ന സംശയം നിലനില്‍ക്കെയാണ് അല്‍-ക്വൊയ്ദ ഘടകവും അബ്ദുള്ള രാജാവിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.