സൂക്ഷിക്കുക, ജലമില്ലാത്ത ഒരു ലോകം വന്നേക്കാം!

വെള്ളി, 22 മാര്‍ച്ച് 2013 (10:35 IST)
PRO
മാര്‍ച്ച് 22ന് ലോക ജലദിനം. ഭൂമിയെ നിലനിര്‍ത്താന്‍, തണുപ്പിക്കാന്‍, സൗരയൂഥമരുവിലെ പച്ചപ്പായി നിലനിര്‍ത്താന്‍ നക്ഷത്രങ്ങളില്‍ നിന്ന് വിണ്‍ഗംഗയൊഴുകുമോയെന്ന അന്വേഷണമിപ്പോള്‍ നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 22 ലോകജലദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

ഐക്യരാഷ്ട്ര സഭയുടെ പ്രധാന ഘടകങ്ങളില്‍ ഒന്നായ യൂനിഫെസ് 1992ല്‍ റയോ ഡി ജനിറോയില്‍ ചേര്‍ന്ന യോഗത്തിലാണ് മാര്‍ച്ച് 22 ലോക ജലദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദുര്‍ലഭമായ വസ്തു ജലമായിരിക്കുമെന്ന ആശങ്കയുടെ നിഴലിലാണ് നാമിന്ന് ജീവിക്കുന്നത്. കുടിനീരിനായി മനുഷ്യന്‍ ഇതുവരെ ആശ്രയിച്ചിട്ടില്ലാത്ത സ്രോതസ്സുകളെ കണ്ടെത്തുകയും അവയുടെ ഉപയോഗം പുറത്തുകൊണ്ടുവരികയുമെന്ന ലക്‍ഷ്യം മുന്‍‌നിര്‍ത്തി യുനസ്കോയുടെയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ആരംഭിച്ച കര്‍മ്മപരിപാടി അതിന്‍റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.

വാല്‍ നക്ഷത്രങ്ങളുള്‍പ്പടെ സൗരയൂഥ പരിസ്ഥിതികളിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള പഠനം ഭൂമിയിലെ ജലദൗര്‍ലഭ്യത്തെ എങ്ങനെ പരിഹരിക്കുമെന്ന ചോദ്യം സ്വാഭാവികമാണ്. അവയെ ഉപയോഗപ്പെടുത്തുന്നതിലും എളുപ്പം ഭൂമിയുടെ ആര്‍ട്ടിക്, അന്‍റാര്‍ട്ടിക് മേഖലകളിലെ മഞ്ഞുപാളികളില്‍ നിന്ന് ജലം ശേഖരിക്കുന്നതാണ്. ജലം എങ്ങനെ രൂപപ്പെട്ടുവെന്ന അന്വേഷണമാണ് കണ്ടെത്തലുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.

വാതക മൂലകങ്ങളായ ഓക്സിജനും ഹൈഡ്രജനും ഇലക്ട്രോണുകള്‍ പങ്കു വയ്ക്കുന്നതിലൂടെ ഊര്‍ജ്ജ സ്ഥിരത കൈവരിക്കുമ്പോഴാണ് ജലതന്മാത്രകള്‍ പിറവിയെടുക്കുന്നത്. ഇവ നക്ഷത്രകേന്ദ്രങ്ങളിലാണ് സംഭരിക്കപ്പെട്ടത്. ഇത്തരം നക്ഷത്ര കേന്ദ്രങ്ങളില്‍ നിന്ന് പുറത്തേക്ക് ചീറ്റിയെത്തുന്ന ഓക്സിജന്‍ ബാഹ്യപരിസരത്തെ ഹൈഡ്രജനുമായി ചേരുന്നു. നക്ഷത്ര ജ്വലനത്തിനിടയിലുണ്ടാവുന്ന ചില പ്രചണ്ഡവാതകങ്ങളുടെ പ്രതിപ്രവര്‍ത്തനമെന്ന നിലയിലാണിങ്ങനെ സംഭവിക്കുക.

മഹാവിസ്ഫോടനത്തിന് ശേഷം നക്ഷത്ര സമാനമായ താപനചുറ്റുപാടുകളില്‍ സ്വയം സൃഷ്ടിക്കപ്പെട്ടുവെന്നതാണ് ഭൂമിയിലെ ജലത്തിനുള്ള വിശദീകരണം. കട്ടിയായ ഒരു അന്തരീക്ഷം രൂപപ്പെട്ടിട്ടില്ലാതിരുന്ന ഭൂമിയില്‍ നിരന്തരമായി വന്നിടിച്ച ഉല്‍ക്കകളിലും വാല്‍നക്ഷത്രങ്ങളിലും ജലം ഉത്ഭവിക്കുമായിരുന്നു എന്നാണ് മറ്റൊരു വിശ്വാസം. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ്, സൗരയൂഥം ഉടലെടുക്കും മുമ്പ് ഒരു മേഘപടലമായി നിലനിന്നിരുന്ന അതേ ജലം തന്നെയാണോ ഇന്ന് ഭൂമിയിലെ ജലാശയങ്ങളില്‍ നിറയുന്നതെന്ന് ഇന്നും വിവേചിച്ചറിഞ്ഞിട്ടില്ല.

ഭൗമജലത്തിന്‍റെ ഉത്ഭവവും അതിന് സൂര്യനുമായുള്ള ബന്ധവുമൊക്കെ പഠിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയുമായിരുന്നു റോസറ്റയുടെ വാല്‍നക്ഷത്രത്തിന്‍റെ മുഖ്യലക്‍ഷ്യം. സൗരകണങ്ങളുടെ ശേഖരവുമായി ജെനസിസ് തിരിച്ചെത്തിയതോടെ മറുവശം പൂരിപ്പിക്കുക എന്ന റോസറ്റയുടെ ജോലി ബാക്കിയാവുന്നു.

പര്യവേഷണ വാഹനങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന പല ഉപകരണങ്ങളിലും ഭൂമിയിലെ ഒളിഞ്ഞുകിടക്കുന്ന ജലത്തെ കണ്ടെത്താനായി പ്രയോജനപ്പെടുത്താനാവുമെന്നതാണ് ഇപ്പോഴത്തെ നിലപാട്. ചൊവ്വ പര്യവേഷണത്തിനായി ഉപയോഗിക്കപ്പെട്ട മാര്‍സ് എക്സ്പ്രസില്‍ ഉപയോഗിച്ച തരം റഡാര്‍ കൊണ്ട് കിലോമീറ്ററുകള്‍ ആഴത്തിലുള്ള ജലസാന്നിധ്യം പോലും കണ്ടെത്താനാവും.

യൂറോപ്യന്‍ ഏജന്‍സിയിലൂടെ 2002ലെ ചാന്ദ്ര ദൗത്യത്തില്‍ ഉപയോഗിച്ചതരം സ്പെക്ട്രോമീറ്റര്‍ സ്ഥാപിച്ചുകൊണ്ടും ഇതു തന്നെ ചെയ്യാനാവുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നത്. സൗരയൂഥത്തിലെ മരുപ്പച്ചയായി നില നില്‍ക്കാനും ഭൂമിക്ക് എക്കാലവും കഴിയുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക