സുഡാനില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാകുന്നു. രാജ്യത്തിലെ ഇരു വിഭാഗം സൈനിക സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മരണസംഖ്യ 400 കവിഞ്ഞു. ആയിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. പ്രസിഡന്റ് സാല്‍വാ കിര്‍നെതിരായ അട്ടിമറി ശ്രമമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
ദക്ഷിണ സുഡാനില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭരണകക്ഷിയിലെ രണ്ടു പ്രമുഖ നേതാക്കളുടെ നിയന്ത്രണത്തിലുള്ള സൈനിക സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ പിന്നീട് മറ്റിടങ്ങളിലേക്കു കൂടി വ്യാപിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് റൈക്ക് മാക്കറിനെ പിന്തുണയ്ക്കുന്ന സൈനികരാണ് അട്ടിമറി ശ്രമത്തിനു പിന്നിലെന്നും എന്നാല്‍ ഇവരുടെ ശ്രമം പരാജയപ്പെടുത്തിയതായും പ്രസിഡന്റ് സാല്‍വാകിര്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് മുന്‍ ധനകാര്യമന്ത്രി കോസ്റ്റി മണിബയെയും 10 മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അട്ടിമറി ശ്രമങ്ങളുടെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന മാക്കര്‍ ഒളിവിലാണ്. പൊലീസ് തെരച്ചില്‍ ശക്തമായി നടത്തുന്നുണ്ട്.
നാലുദിവസമായി തുടരുന്ന അക്രമസംഭവങ്ങളില്‍ ഇതുവരെ 400ല്‍ അധികം പേര്‍ മരിച്ചതായി ഐക്യരാഷ്ട്രസഭ വൃത്തങ്ങള്‍ അറിയിച്ചു. കലാപത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികളാക്കപ്പെട്ട 20000നായിരത്തിലേറെ പേരെ ഐക്യരാഷ്ട്ര സഭയുടെ പുനരധിവാസ ക്യാമ്പുകളിലേക്ക് മാറ്റി. എന്നാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് യുഎന്‍ സമാധാന സേന കേന്ദ്രങ്ങള്‍ വ്യക്തമാക്കി.