സിറിയന്‍ വിമാനം തുര്‍ക്കി വെടിവെച്ചിട്ടു

Webdunia
തിങ്കള്‍, 24 മാര്‍ച്ച് 2014 (09:29 IST)
PRO
വ്യോമാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് സിറിയന്‍ സൈനിക വിമാനം തുര്‍ക്കി വെടിവെച്ചിട്ടു. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയായ കസബ് മേഖലയില്‍ നിന്നാണ് വിമാനം വെടിവെച്ചിട്ടത്.

സിറിയന്‍ വിമതരും സൈന്യവും ശക്തമായ പോരാട്ടം നടത്തുന്ന അതിര്‍ത്തി പ്രദേശമാണിത്. അതേസമയം വിമാനം തങ്ങളുടെ അതിര്‍ത്തിയിലായിരുന്നെന്നും തുര്‍ക്കിയുടെ നടപടി പ്രകോപനപരമാണെന്നും സിറിയ കുറ്റപ്പെടുത്തി.

തുര്‍ക്കി പ്രധാനമന്ത്രി ത്വയ്ബ് എര്‍ദോഖാനാണ് സിറിയന്‍ സൈനിക വിമാനം തുര്‍ക്കി വെടിവെച്ച വാര്‍ത്ത അറിയിച്ചത്. നടപടി സിറിയക്കുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ വ്യോമാതിര്‍ത്തിയിലുള്ള കടന്നുകയറ്റത്തിന് ഇതായിരിക്കും ഫലമെന്നും സൈന്യത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വിമാനം തങ്ങളുടെ അതിര്‍ത്തി പ്രദേശത്തായിരുന്നു എന്നാണ് സിറിയയുടെ വിശദീകരണം.