സിഗരറ്റ് പൊട്ടിത്തെറിച്ച് പല്ല് പോയി!

Webdunia
PRO
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പൊതുവെയുള്ള ആരോഗ്യ മുന്നറിയിപ്പ്. എന്നാല്‍, വലിക്കുന്ന സിഗരറ്റ് വായില്‍ വച്ച് പൊട്ടിത്തെറിച്ചാലോ? ആന്‍ഡി സുസാന്റോ എന്ന ഇന്തോനേഷ്യക്കാരനാണ് ഈ ദുര്‍ഗതി ഉണ്ടായത്. ഇയാള്‍ വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് പൊട്ടിത്തെറിച്ച് ആറ് പല്ലുകള്‍ നഷ്ടമായി!

എന്നാല്‍, സംഭവത്തെ കുറിച്ച് അറിഞ്ഞ് നഷ്ടപരിഹാരവുമായി സിഗരറ്റ് നിര്‍മ്മാണ കമ്പനി രംഗത്ത് എത്തിയിട്ടുണ്ട്. പൊട്ടിത്തെറിച്ച സിഗരറ്റ് നിര്‍മ്മിച്ച പിടി നൊജൊറോണോ എന്ന ഇന്തോനേഷ്യന്‍ പുകയില കമ്പനിയാണ് നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചത്. ഇവര്‍ 335 പൌണ്ടാണ് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്ന് ‘ദ ടെലിഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെക്യൂരിറ്റി ഗാര്‍ഡായി ജോലിനോക്കുന്ന ആളാണ് സുസാന്റോ. ഇയാള്‍ ‘ക്ലാസ് മൈല്‍ഡ്’ സിഗരറ്റ് വലിച്ചുകൊണ്ട് മോട്ടോര്‍ സൈക്കിളില്‍ യാത്രചെയ്യുമ്പോഴാണ് അത്യപൂര്‍വമായ പൊട്ടിത്തെറി നടന്നതും വായിലെ പല്ലുകള്‍ നഷ്ടമായതും.

എന്തായാലും, പൊട്ടിത്തെറിച്ച ബ്രാന്‍ഡ് തിരിച്ചുവിളിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നില്ല. സിഗരറ്റില്‍ സ്ഫോടന ശേഷിയുള്ള പദാര്‍ത്ഥങ്ങള്‍ ഒന്നും ചേര്‍ക്കാത്തതിനാല്‍ സ്ഫോടന കാരണം തേടി ഫോറന്‍സിക് പരിശോധന നടത്താനാണ് കമ്പനിയുടെ നീക്കം.