ശ്രീലങ്കയില്‍ വംശീയ യുദ്ധത്തില്‍ മരിച്ചവരുടെ കണക്കെടുക്കും!!!

Webdunia
വെള്ളി, 29 നവം‌ബര്‍ 2013 (09:48 IST)
PRO
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ലോകമെമ്പാടുനിന്നും പ്രതിഷേധസ്വരങ്ങള്‍ ഉയരുന്നതിനാല്‍ ശ്രീലങ്കയിലെ വംശീയ യുദ്ധത്തില്‍ മരിച്ചവരുടെയും നാശനഷ്ടങ്ങളുടെയും കണക്കെടുക്കാന്‍ സര്‍ക്കാര്‍ സര്‍വേക്ക് ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്.

യുദ്ധത്തിനൊടുവില്‍ സര്‍ക്കാര്‍ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയെന്ന ആരോപണങ്ങള്‍ക്ക് മറുപടിയായാണ് കണക്കെടുക്കുന്നത്. കൊളംബോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടി ഇന്ത്യ, കാനഡ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ ബഹിഷ്‌കരിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.

സെന്‍സസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആറുമാസം നീളുന്ന കണക്കെടുപ്പില്‍ 16,000 ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. 37 വര്‍ഷം നീണ്ടുനിന്ന യുദ്ധത്തില്‍ മരിച്ചവരുടെ കണക്കെടുപ്പാണ് നടത്തുന്നത്.

യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ മാത്രം 40,000 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് യു എന്‍ വിശദീകരണം. സാധാരണക്കാരാരും മരിച്ചിട്ടില്ലെന്നാണ് രാജപക്സെ സര്‍ക്കാറിന്റെ നിലപാട്.