വിവരങ്ങള്‍ ചോര്‍ത്തുന്നത് എല്ലാ രാജ്യങ്ങളും നടത്തുന്നതാണെന്ന് ഒബാമ. എന്നാല്‍ ഇന്ത്യ ഉള്‍പ്പടെയുളള വിദേശ രാജ്യങ്ങളിലെ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തുന്നുവെന്ന എഡ്വേര്‍ഡ് സ്നോഡന്റെ വെളിപ്പെടുത്തല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ നിഷേധിച്ചു. സ്നോഡന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് യൂറോപ്യന്‍ സഖ്യത്തില്‍ നിന്നുണ്ടായ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
യൂറോപ്യന്‍ തലസ്ഥാനങ്ങളില്‍ ജനങ്ങള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ താല്‍പര്യപ്പെടുന്നവരാണെന്നും താന്‍ എന്താണ് കഴിക്കുന്നതെന്നും എന്തൊക്കെയാണ് സംസാരിക്കുന്നതെന്നും നോക്കുന്നതാണ് രഹസ്യാന്വേഷണ വിഭാഗം ചെയ്യുന്നതെന്നും ഒബാമ പറഞ്ഞു.
രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ചോര്‍ത്തുന്നത് തങ്ങള്‍ക്കു വേണ്ടി മാത്രമല്ലെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു വേണ്ടിയാണെന്നും ലോകത്തിനാകമാനം നല്ലതു വരുത്തുന്നതിനു വേണ്ടിയാണെന്നും ഒബാമ പറഞ്ഞു. അമേരിക്കയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് നയതന്ത്രപ്രധാനമായ കാര്യങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്നും ലണ്ടനിലെ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.