വിമാനത്തില്‍ തീവ്രവാദിയെന്ന് അഭ്യൂഹം: യാത്രാഗതി മാറ്റി
ശനി, 30 ജനുവരി 2010 (13:43 IST)
PRO
യാത്രക്കാര്‍ക്കൊപ്പം തീവ്രവാദി ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുഎസില്‍ വിമാനം ഗതി തിരിച്ചുവിട്ടു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ തീവ്രവാദ പട്ടികയിലുള്ള ഒരാള്‍ വിമാനത്തിലുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്നായിരുന്നു നടപടി. ഇയാളുടെ പേരിനോട് സമാനമായ പേരുള്ള മറ്റൊരാള്‍ യാത്രക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ് സംഭവത്തിനിടയാക്കിയത്.
ന്യൂ ജഴ്സിയിലെ നെവാര്‍ക്കില്‍ നിന്ന് പുറപ്പെട്ട കോണ്ടിനെന്‍റല്‍ എയര്‍ലൈന്‍സിന്‍റെ എണ്ണൂറ്റി എണ്‍പത്തിയൊന്നാം നമ്പര്‍ വിമാനമാണ് ഗതി തിരിച്ചുവിടേണ്ടിവന്നത്. കൊളംബിയയിലെ ബൊഗോട്ടയിലേക്കാണ് വിമാനം യാത്ര തിരിച്ചിരുന്നത്. എന്നാല്‍ തീവ്രവാദി പട്ടികയില്‍ ഉള്ള ഒരാള്‍ വിമാനത്തില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഫ്ലോറിഡയിലെ ജാക്സണ്‍വില്ലെ വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചുവിടുകയായിരുന്നു.
എന്നാല്‍ അബദ്ധം പിണഞ്ഞതാണെന്ന് മനസിലാക്കിയ ഉടന്‍ തന്നെ യാത്ര പുനരാരംഭിച്ചതായി കോണ്ടിനെന്‍റല്‍ എയര്‍ലൈന്‍ വക്താവ് അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇവര്‍ പുറത്തുവിട്ടിട്ടില്ല.
ക്രിസ്മസ് ദിനത്തില്‍ ഒരു യുഎസ് യാത്രാവിമാനത്തില്‍ അല്‍ കൊയ്ദ സ്ഫോടനത്തിന് ശ്രമം നടത്തിയിരുന്നു. ഒരു നൈജീരിയന്‍ യാത്രക്കാരന്‍ സ്ഫോടകവസ്തുക്കളുമായി വിമാനത്തില്‍ പ്രവേശിക്കുകയായിരുന്നു. ഇതിന് ശേഷം യാത്രാവിമാനങ്ങള്‍ക്ക് കനത്ത സുരക്ഷയാണ് അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്നത്.