വിദേശ എംബസികള്‍ ഒഴിപ്പിക്കുമെന്ന് ഉത്തരകൊറിയ. ഏപ്രില്‍ 10നു ശേഷം രാജ്യത്തെ എംബസികള്‍ സംരക്ഷിക്കില്ലെന്നും നയതന്ത്ര ഉദ്യോഗസ്ഥരുടെ മേല്‍ ഉത്തരവാദിത്വമുണ്ടായിരി ക്കില്ലെന്നുമാണ് ഉത്തരകൊറിയയുടെ അറിയിപ്പ്.
കൊറിയന്‍ മേഖലയില്‍ സംഘര്‍ഷാന്തരീക്ഷം ശക്തമായി തുടരുകയാണ്. ഉത്തര കൊറിയ മിസൈല്‍ വിന്യസിച്ചതായി ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി ക്വിം ക്വാന്‍ ജിന്‍ അറിയിച്ചു. മിസൈല്‍ നീക്കത്തിന്‍െറ പിന്നിലെ ലക്ഷ്യമെന്തെന്ന് അറിയില്ലെന്നും പരീക്ഷണാര്‍ഥം വിന്യസിച്ചതാവാമെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘദൂര മിസൈലായ കെ.എന്‍-08 ആണ് വിന്യസിച്ചതെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. മിസൈല്‍ അമേരിക്കയില്‍ എത്താന്‍മാത്രം പര്യാപ്തമല്ലെന്നും ഉത്തര കൊറിയ യുദ്ധത്തിന് സജ്ജമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കക്കെതിരെ ആണവാക്രമണം നടത്തുമെന്ന ഭീഷണി ഉത്തര കൊറിയ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ആണവാക്രമണമോ മിസൈലാക്രമണമോ നടത്താനുള്ള സാങ്കേതികവിദ്യ ഉത്തര കൊറിയക്കില്ലെന്നായിരുന്നു വിലയിരുത്തല്‍. മധ്യദൂര മിസൈലുകള്‍ ഉത്തര കൊറിയയുടെ കൈവശമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ മിസൈല്‍ രക്ഷാകവചങ്ങള്‍ ഒരുക്കുകയാണ് അമേരിക്ക.