വര്‍ണവെറിയ്ക്ക് താനും ഇരയാണെന്ന് ഒബാമ

ശനി, 20 ജൂലൈ 2013 (11:53 IST)
PRO
PRO
വര്‍ണവെറിയ്ക്ക് താനും ഇരയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. 35 വര്‍ഷം മുമ്പ് താനും ട്രയ്വോണ്‍ മാര്‍ട്ടിന്‍ ആയിരുന്നെന്ന് ഒബാമ പറഞ്ഞു. കറുത്തവര്‍ഗക്കാരനായ ട്രയ്വോണ്‍ മാര്‍ട്ടിന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി ജോര്‍ജ് സിമ്മര്‍മാനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കെ ഒബാമയുടെ പ്രസ്താവന വന്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. കറുത്ത വര്‍ഗക്കാര്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന അതിക്രമത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ കടുത്ത അമര്‍ഷമാണ് പ്രകടിപ്പിച്ചത്.

വൈറ്റ് ഹൗസിലെ പ്രസ്സ് റൂമില്‍ പൊടുന്നനെ വാര്‍ത്താസമ്മേളനം നടത്തിയാണ് ട്രയ്വോണ്‍ കേസിലെ തന്റെ ഉത്കണ്ഠ ഒബാമ രേഖപ്പെടുത്തിയത്. ട്രയ്വോണിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച ഒബാമ വളരെ കാലം വര്‍ണ വിവേചനത്തിനിരയായ കറുത്ത വര്‍ഗക്കാരെ അമേരിക്കന്‍ ജനത മനസ്സിലാക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

ട്രയ്വോണ് വെടിയേറ്റതറിഞ്ഞപ്പോള്‍ എന്റെ മകനാണ് വെടിയേറ്റതെന്ന് ഞാന്‍ പറഞ്ഞു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ 35 വര്‍ഷം മുമ്പ് ഞാനും ട്രയ്വോണ്‍ മാര്‍ട്ടിനായിരുന്നു. ഷോപ്പിങ്ങിനിടെ പിന്തുടരപ്പെടാത്ത കറുത്ത വര്‍ഗക്കാര്‍ ഉണ്ടാവില്ല.

കറുത്ത വര്‍ഗക്കാരനൊപ്പം ലിഫ്റ്റില്‍ പെട്ട സ്ത്രീ ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നത് വരെ ശ്വാസം വിടാതെ മൂക്ക് പൊത്തി നില്‍ക്കുന്ന ദുരവസ്ഥ അനുഭവപ്പെടാത്ത കറുത്തവര്‍ കുറവായിരിക്കും. വര്‍ണ വിവേചനം നിര്‍മാര്‍ജനം ചെയ്യുന്നതില്‍ നാം എത്ര വിജയിച്ചുവെന്ന് ഓരോ അമേരിക്കനും ആത്മപരിശോധന നടത്തണമെന്നും ഒബാമ പറഞ്ഞു. ഒബാമയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ട്രയ്വോണിന്റെ കുടുംബം രംഗത്തെത്തി. ഒബാമ ട്രയ്വോണിനെ തിരിച്ചറിഞ്ഞത് അവനുള്ള ആദരമാണെന്ന് അവര്‍ വ്യക്തമാക്കി. ഒബാമയ്ക്ക് പിന്തുണയുമായി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക