ലങ്ക: 17 പേര്‍ കൊല്ലപ്പെട്ടു

Webdunia
ശനി, 14 ജൂണ്‍ 2008 (12:00 IST)
ശ്രീലങ്കയില്‍ തമിഴ് പുലികളും സര്‍ക്കാ‍ര്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 17 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ മേഖലയിലാണ് സംഭവമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

വടക്കന്‍ വാവുനിയയില്‍ സൈന്യം കാവല്‍ നില്‍ക്കുന്ന ചെക് പോയിന്‍റില്‍ പുലികള്‍ നടത്തിയ ആക്രമണത്തില്‍ ആണ് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പ്രദേശത്തുണ്ടായ വെടിവയ്പില്‍ 11 പുലികളും രണ്ട് സൈനികരും കൊല്ലപ്പെട്ടിരുന്നു.

മറ്റൊരു സംഭവത്തില്‍ ജയില്‍ പുള്ളികളുമായി പോയ ബസിന് നേര്‍ക്ക് പുലികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ജയില്‍ പുള്ളികള്‍ കൊല്ലപ്പെട്ടു. ഇപ്പോഴത്തെ സംഭവങ്ങളെ തുടര്‍ന്ന് ജനുവരിക്ക് ശേഷം സേന കൊലപ്പെടുത്തുന്ന തമിഴ്‌പുലികളുടെ എണ്ണം 4209 ആയിട്ടുണ്ട്.

ഇക്കാലയളവില്‍ 363 സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധമുന്നണിയില്‍ പോകാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിച്ചിട്ടുള്ളതിനാല്‍ പ്രതിരോധ മന്ത്രാലയം നല്‍കുന്ന വിവരങ്ങള്‍ അതേപടി പ്രസിദ്ധീകരിക്കാനേ മാധ്യമങ്ങള്‍ക്ക് കഴിയൂ.