രാഷ്ട്രീയക്കാരിയാകാന്‍ ആഗ്രഹിക്കുന്നുവെന്ന് മലാല!

Webdunia
ശനി, 28 സെപ്‌റ്റംബര്‍ 2013 (13:23 IST)
PRO
PRO
താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിനിരയായ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ്‌സായിക്ക് രാഷ്ട്രീയക്കാരിയാകാന്‍ ആഗ്രഹം. സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് കഴിയും അതിനാല്‍ രാഷ്ട്രീയക്കാരിയാകാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പതിനാറുകാരിയായ മലാല പറഞ്ഞത്.

പാകിസ്ഥാനിലെ സ്വാത് താഴ്‌വരയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ച വരികെ താലിബാന്‍ ആക്രമണത്തില്‍ തലയ്ക്ക് വെടിയേറ്റ് ചികിത്സയ്ക്കായി ബ്രിട്ടനിലെത്തിയ മലാല പിന്നീട് അവിടെ നിന്നും പാക്കിസ്ഥാനിലേക്ക് മടങ്ങിയിട്ടില്ല.

ഹാര്‍വാര്‍ഡ് സര്‍വകലാശാല സംഘടിപ്പിച്ച ചടങ്ങില്‍ ആദരം ഏറ്റുവാങ്ങികൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മലാല ഈക്കാര്യം പറഞ്ഞത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ മനുഷ്യസ്‌നേഹി പുരസ്‌കാരത്തിന് അര്‍ഹയായത് മലാലയായിരുന്നു.

മലാലയ്ക്ക് പുരസ്കാരം നല്‍കാനായിരുന്നു സര്‍വകലാശാല ചടങ്ങുകള്‍ സംഘടിപ്പിച്ചത്. സ്വാത് താഴ്‌വരയിലേക്ക് എന്നെങ്കിലും തനിക്ക് മടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മലാല പ്രസംഗത്തില്‍ പറഞ്ഞു.

മലാലയെ സ്വാഗതം ചെയ്യുന്നതില്‍ അതീവ സന്തോഷവതിയാണെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രസിഡന്റ് ഡ്ര്യൂ ഗില്‍പിന്‍ ഫോസ്റ്റ് പറഞ്ഞു.