യൂറോപ്പിലും സ്ത്രീകള്‍ക്ക് പീഡനം തന്നെ

Webdunia
ബുധന്‍, 5 മാര്‍ച്ച് 2014 (10:34 IST)
PRO
ലോകത്തെവിടെയും സ്ത്രീകള്‍ക്ക് സുരക്ഷയില്ല എന്ന് തെളിയുക്കുന്ന വാര്‍ത്തയാണ് യൂറോപ്പില്‍ നിന്നും വരുന്നത്. സ്ത്രീകള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്വതന്ത്രമായി വിഹരിക്കുന്നത് കാണാമെങ്കിലും ഇവരില്‍ മൂന്നില്‍ ഒരു വിഭാഗവും പീഡനങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്.

മൗലികാവകാശങ്ങള്‍ക്കായുള്ള യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. പതിനഞ്ച് വയസ്സ് മുതല്‍ ഗാര്‍ഹിക പീഡനത്തിനിരയാകുന്നുവെന്ന് സര്‍വേ സൂചിപ്പിക്കുന്നു. ശാരീരിക-ലൈംഗിക പീഡനങ്ങള്‍ക്കാണ് സ്ത്രീകള്‍ ഇരയാകുന്നതെന്നും പറയുന്നു. യൂറോപ്പിലെ 42,000ത്തോളം സ്ത്രീകളെ അഭിമുഖം ചെയ്താണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

15 വയസ്സ് മുതല്‍ പലതരത്തിലുള്ള ലൈംഗിക ആക്രമണങ്ങള്‍ക്ക് തങ്ങള്‍ ഇരയായിട്ടുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ ഒരാള്‍ പറയുന്നു. 20ല്‍ ഒരാള്‍ ബലാത്സംഗത്തിന് ഇരയായി. ജീവിതപങ്കാളിയില്‍ നിന്നാണ് 22 ശതമാനം പേര്‍ ശാരീരിക-ലൈംഗിക ആക്രമണങ്ങള്‍ക്ക് ഇരയായത്.

67 ശതമാനം പേര്‍ ഗാര്‍ഹിക പീഡനത്തെക്കുറിച്ച് പൊലീസില്‍ പരാതിപെടുന്നില്ല. യൂറോപ്യന്‍ രാജ്യങ്ങള്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ഗാര്‍ഹിക പീഡനം പൊതുപ്രശ്‌നമായി കണക്കാക്കണമെന്നും ലൈംഗികപീഡനം സംബന്ധിച്ച നിയമങ്ങള്‍ പുനപരിശോധിക്കണമെന്നും സര്‍വേ പറയുന്നു.