അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ പ്രഖ്യാപിച്ച നയം അംഗീകരിക്കുന്നു എന്ന് അഫ്ഗാനും പാകിസ്ഥാനും അറിയിച്ചു. വെള്ളിയാഴ്ചയാണ് പുതുക്കിയ അഫ്ഗാന്‍-പാക് നയം ഒബാമ പ്രഖ്യാപിച്ചത്. പുതിയ നയം താലിബാന്‍, അല്‍-ക്വൊയ്ദ തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ പര്യാപ്തമാകുമെന്ന് ഇരു രാജ്യങ്ങളും പറഞ്ഞു.
അഫ്ഗാനിലെ സൈനികരേയും പൊലീസിനേയും പരിശീലിപ്പിക്കുന്നതിന് 4000 പരിശീലകര്‍ ഒബാമയുടെ പദ്ധതിയുടെ ഭാഗമായി അഫ്ഗാനിലെത്തുമെന്ന് പ്രസിഡന്‍റ് ഹമീദ് കര്‍സായി അറിയിച്ചു. ജനജീവിതം മെച്ചപ്പെടുത്തുന്നതിനും തീവ്രവാദം നേരിടുന്നതിനും 1.5 ബില്യണ്‍ ഡോളര്‍ അമേരിക്കന്‍ സഹായം ലഭിക്കുമെന്ന് പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയും പറഞ്ഞു.
ഭീകരത പിഴുതെറിയുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഒബാമ പുതുക്കിയ അഫ്ഗാന്‍ പാക് നയം പ്രഖ്യാപിച്ചത്. അഫ്ഗാനിലേയ്ക്ക് 17000 സൈനികരെ അയക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പുതിയ നയത്തിന് ഒബാമ രൂപം നല്‍കിയിരിക്കുന്നത്. പാകിസ്ഥാനെ സാമ്പത്തികമായി സഹായിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊരു ബ്ലാങ്ക് ചെക്ക് ആയിരിക്കില്ലെന്നും ഒബാമ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാമ്പത്തിക സഹായം നല്‍കുന്നതിന് പകരമായി ഇരു രാജ്യങ്ങളും അമേരിക്കന്‍ വിരുദ്ധ തീവ്രവാദ ശക്തികളെ അടിച്ചമര്‍ത്തണം. തിരഞ്ഞെടുക്കപ്പെട്ട സൈനിക -നയതന്ത്ര- വികസന അധികൃതരുടെയും സന്നദ്ധത സംഘടനാ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഒബാമ അഫ്‌ഗാന്‍ നയം പുറത്തിറക്കിയത്.