യുഎസ്സിനെതിരെ ഇറാന്‍ വെനിസ്വേല ഐക്യം

ചൊവ്വ, 20 നവം‌ബര്‍ 2007 (11:57 IST)
അമേരിക്കക്കെതിരെ ഐക്യമുന്നണി രൂപീകരിക്കാന്‍ ഇറാന്‍ പ്രസിഡന്‍റ് അഹമദിനെജാദും വെനിസ്വേല പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസും തമ്മില്‍ ധാരണയായി. അമേരിക്കയുടെ ‘ലോക നേതാവ്’ സ്ഥാനം താമസിയാതെ ഇല്ലാതാവുമെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.

ചുരുട്ടുപിടിച്ച മുഷ്ടി പോലെ ഒന്നായ രണ്ട് സഹോദര രാഷ്ടങ്ങള്‍ എന്നാണ് ഇറാന്‍ വെനിസ്വേല ബന്ധത്തെ കുറിച്ച് ഷാവേസ് ടെഹ്‌റാനില്‍ പറഞ്ഞത്. അമേരിക്കന്‍ ഡോളര്‍ താഴേക്കു പോവുന്നതു പോലെ തന്നെ അമേരിക്കയും തകര്‍ന്നടിയുമെന്ന് തിങ്കളാഴ്ച ഷാവേസ് പറഞ്ഞിരുന്നു.

തിങ്കളാഴ്ച ഷാവേസും ഇറാന്‍ പ്രസിഡന്‍റ് നെജാദും രണ്ടു മണിക്കൂറോളം ടെഹ്‌റാനില്‍ ചര്‍ച്ച നടത്തി. അമേരിക്കക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ച. ഇറാന്‍ പോരാട്ടം, ചെറുത്തുനില്‍പ്പ്, ഉറച്ച വിശ്വാസം, ആത്മാഭിമാനം എന്നിവയുടെ ഉത്തമ ഉദാഹരണമാണെന്നും ഷാവേസ് അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക