മിഠായി കിട്ടില്ലെന്ന് ഭയം; ബലാത്സംഗവിവരം മറച്ചുവച്ചു!

Webdunia
വെള്ളി, 14 മെയ് 2010 (16:09 IST)
ബ്രിട്ടനില്‍ ഒരു എട്ട് വയസ്സുകാരിയെ രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഈ കേസില്‍ വിചാരണ തുടരുകയാണ്. സംഭവം മാതാവില്‍ നിന്ന് മറച്ചുവച്ചത് മിഠായി കിട്ടില്ലെന്ന് പേടിച്ചാണെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചു.

കേസിലെ കുറ്റാരോപിതരായ ആണ്‍കുട്ടികള്‍ക്ക് 10 വയസ്സ് മാത്രമാണ് പ്രായം. രാജ്യത്തെ ബലാത്സംഗ കേസുകളിലെ ഏറ്റവും പ്രായം കുറഞ്ഞ കുറ്റാരോപിതരുടെ നിരയിലാണ് ഇവരുടെ സ്ഥാനം. ഓള്‍ഡ് ബെയ്‌ലിയിലാണ് ഈ കേസിലെ വിചാരണ നടക്കുന്നത്.

തന്നെ പാടത്തും ഫ്ലാറ്റുകള്‍ക്ക് പിന്നിലുള്ള ഒരു ഷെഡിലും കൊണ്ടുപോയാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ മിഡില്‍സെക്സിലെ ഹേയ്സിലാണ് സംഭവം നടന്നത്. ഇളയ അനുജത്തിയുമൊത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് തന്നെ ആണ്‍കുട്ടികള്‍ പിടിച്ചുകൊണ്ട് പോയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ വിചാരണ വേളയില്‍ ഗുരുതരമായ ആരോപണങ്ങളൊന്നും പെണ്‍കുട്ടി ഉന്നയിച്ചിട്ടില്ല. ആണ്‍കുട്ടികളുടെ നിര്‍ബന്ധത്താല്‍ താന്‍ അടിവസ്ത്രം അഴിക്കുകയാണ് ചെയ്തതെന്നും ഇതൊരു ‘കുസൃതി’യായാണ് കണ്ടതെന്നും പെണ്‍കുട്ടി പറഞ്ഞു. മിഠായി കിട്ടില്ലെന്ന പേടികൊണ്ടാണ് മാതാവിനോട് ഇക്കാര്യം പറയാതിരുന്നതെന്നും പെണ്‍കുട്ടി പറയുന്നു. ‘കുസൃതി’കാട്ടുന്ന സമയത്ത് തങ്ങള്‍ മൂന്നുപേരും കുലുങ്ങിച്ചിരിച്ചതായും പെണ്‍കുട്ടി പറഞ്ഞു.

പെണ്‍കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കോടതി വിലയിരുത്തി. കുറ്റാരോപിതരായ ആണ്‍കുട്ടികള്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്. വിചാരണ തുടരുകയാണ്.