മാ‍ന്‍ ബുക്കര്‍ എലനോര്‍ കാറ്റന്

Webdunia
ബുധന്‍, 16 ഒക്‌ടോബര്‍ 2013 (10:30 IST)
PRO
2013 ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ന്യൂസിലാന്റ് എഴുത്തുകാരി എലനോര്‍ കാറ്റന്. ദ ലുമിനറിസ് എന്ന നോവലിനാണ് പുരസ്‌കാരം.

മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയും മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ നോവലാണ് 852 പേജുള്ള ദ ലുമിനറിസെന്ന നേട്ടവും ഇരുപത്തെട്ടുകാരിയായ കാറ്റന് സ്വന്തം.

കാനഡയില്‍ ജനിച്ച് ന്യൂസിലന്‍ഡില്‍ ജീവിക്കുന്ന കാറ്റന്‍ ബുക്കര്‍ സമ്മാനം നേടുന്ന ന്യൂസിലന്‍ഡില്‍ നിന്നുള്ള രണ്ടാമത്തെയാളാണ്.

2008 ല്‍ പുറത്തിറങ്ങിയ ദ റിഹേഴ്‌സലാണ് കാറ്റന്റെ ആദ്യ നോവല്‍. ലുമിനറിസ് കാറ്റന്റെ രണ്ടാം നോവലാണ്. സെന്‍ട്രല്‍ ലണ്ടനിലെ മിഡീവല്‍ ഗില്‍ഡ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

പത്തൊമ്പതാം നൂറ്റാണ്ടിലെ ന്യൂസിലന്‍റിനെ വരച്ചുകാട്ടുന്ന ‘ദ ലുമിനാറീസ്’ സ്വര്‍ണത്തിനു വേണ്ടിയുള്ള പോരിനിടയിലെ നിഗൂഢ കൊലപാതകത്തിന്‍െറ കഥ പറയുന്നുവത്രെ.

ഇന്ത്യാക്കാരിയായ ജുംബാ ലാഹരി അന്തിമപട്ടികയില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും പുരസ്‌ക്കാരം ലഭിച്ചില്ല. ജുംബാ ലാഹരിയുടെ ദ ലോ ലാന്‍ഡ് എന്ന നോവലാണ് അവസാന റൗണ്ടില്‍ പരിഗണിക്കപ്പെട്ടത്.

ഈ പുരസ്‌ക്കാരത്തിന് അടുത്ത വര്‍ഷം മുതല്‍ ഇംഗ്ലീഷില്‍ നോവല്‍ എഴുതുന്ന ആരേയും പരിഗണിക്കുമെന്ന് ബുക്കര്‍ പ്രൈസ് കമ്മിറ്റി അറിയിച്ചു.