മതനിന്ദയ്ക്കും വ്യഭിചാരത്തിനും വധശിക്ഷ

Webdunia
ചൊവ്വ, 29 മാര്‍ച്ച് 2011 (19:03 IST)
PRO
ഉത്തര ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ മതനിന്ദ നടത്തിയതിനും വ്യഭിചാരക്കുറ്റത്തിനും 2010ല്‍ വധശിക്ഷ നടപ്പാക്കിയതായി ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍. ഗൌരവതരമല്ലാത്ത കുറ്റങ്ങള്‍ക്കുപോലും ഇവിടങ്ങളില്‍ വധശിക്ഷ നടപ്പാക്കിയെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. സാമ്പത്തിക ക്രമക്കേട്, മയക്കുമരുന്ന് ഉപയോഗം, മനുഷ്യാവകാശലംഘനം എന്നിവയ്ക്കും ഉത്തര ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലും വധശിക്ഷയായിരുന്നു നല്‍കിയത്.

തൂക്കിലേറ്റിയും വെടിവച്ചും കറന്‍റ് ഉപയോഗിച്ചും വിഷം കുത്തിവച്ചും ശിരച്ഛേദം ചെയ്തുമായിരുന്നു വധശിക്ഷകള്‍ നടപ്പാക്കിയതെന്നും ആംനെസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനയാണ് കൂടുതല്‍ വധശിക്ഷ നടപ്പാക്കിയത്. ആയിരക്കണക്കിന് ആളുകള്‍ ഇവിടെ വധശിക്ഷയ്ക്ക് ഇരയായി. കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല.

ഇറാന്‍(252), ഉത്തരകൊറിയ(60), യെമന്‍(83), യു എസ്‌(46), സൗദി അറേബ്യ(24) എന്നിങ്ങനെയാണ് 2010ല്‍ നടപ്പാക്കിയ വധശിക്ഷയുടെ കണക്കുകള്‍. അതേസമയം, 93 രാജ്യങ്ങള്‍ പൂര്‍ണ്ണമായും വധശിക്ഷ നിര്‍ത്തലാക്കി.