സൗദി അറേബ്യയില്‍ ഒറ്റ ദിവസംകൊണ്ട് 47 പേര്‍ക്ക് വധശിക്ഷ നടപ്പാക്കി. രാജ്യത്തിനെതിരായ ഭീകരപ്രവര്‍ത്തനക്കുറ്റം ചുമത്തിയാണ് 47 പേരെ ശിരച്ഛേദം ചെയ്തത്. അല്‍ഖ്വയ്ദ അംഗങ്ങളെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ഒരു ഷിയ മുസ്ലിം പുരോഹിതനും വധശിക്ഷ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്.
സൗദി ആഭ്യന്തര മന്ത്രാലയാണ് 47 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി അറിയിച്ചത്. ദേശീയ ചാനലില്‍ നടത്തിയ പ്രത്യേക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം സൌദി അറിയിച്ചത്.
ഭീകരര്‍ സൌദിയില്‍ നടത്തിയ ആക്രമണങ്ങളും തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളും മരണങ്ങളുമെല്ലാം അടങ്ങിയ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സൌദി ആഭ്യന്തരമന്ത്രാലയം പ്രസ്താവന നടത്തിയത്. വധശിക്ഷയെ ന്യായീകരിക്കുന്ന ഖുറാന്‍ ഭാഗങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു ഷിയ മുസ്ലിം പുരോഹിതനെയും വധിച്ച നടപടിയില്‍ സൗദിക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
2003നും 2006നും ഇടയില്‍ സൗദിയില്‍ ആക്രമണം നടത്തിയതിന് പിടിയിലായവരില്‍ നിന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 47 പേരുടെ ശിക്ഷയാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. 2015ല്‍ 157 പേരുടെ വധശിക്ഷ സൗദി നടപ്പാക്കിയിരുന്നു.