ബ്രിട്ടനിലെ തടവുകാര്‍ക്ക് മൊബൈല്‍ ഫോണും കമ്പ്യൂട്ടറും!
ശനി, 14 ഡിസംബര്‍ 2013 (11:26 IST)
PRO
PRO
മൊബൈല്‍ ഫോണ്‍ കയറാത്ത ഒരു ജയില്‍ പോലും ലോകത്തില്ല എന്നാണ് ജയില്‍ ഡിജിപി ആയിരുന്ന അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞത്. ഇവിടെ ടിപി വധക്കേസ് പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചതിന്റെ പേരില്‍ വിവാദങ്ങള്‍ കൊഴുക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബ്രിട്ടനിലെ സ്ഥിതിയാകട്ടെ വളരെ വ്യത്യസ്തമാണ്. ജയിലുകളില്‍ അധികൃതര്‍ തന്നെ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും എല്ലാ തടവുകാര്‍ക്കും ഒരുക്കികൊടുക്കുകയാണ്.
ജയിലിലെ സെല്ലുകള്‍ ഹൈടെക്ക് ആക്കി മാറ്റുന്നതിന്റെ ഭാഗമായാണ് തടവുകാര്‍ക്ക് ഈ സൌകര്യങ്ങള്‍ ഒരുക്കുന്നത്. മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഒപ്പം ഷവറുള്ള പ്രത്യേക കുളിമുറിയും അനുവദിക്കും. 2,500 തടവുപുള്ളികള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ സൗകര്യം ലഭിക്കുക.
തടവറയില്‍ ഇരുന്ന് ബന്ധുക്കളെ വിളിക്കാനും ഭക്ഷണം കമ്പ്യൂട്ടര്‍ സഹായത്തോടെ ഓര്‍ഡര്‍ ചെയ്യാനുമാണിത്. ബന്ധുക്കളുമായി ബന്ധം പുലര്‍ത്തുന്നത് വഴി, ശിക്ഷ കഴിഞ്ഞിറങ്ങുന്നവരുടെ പുനരധിവാസം സുഗമമാക്കാന്‍ കഴിയും എന്ന് നാഷണല്‍ ഓഡിറ്റ് ഓഫീസ്(എന്‍എഒ) പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടനിലെ ജയിലുകളില്‍ വിദേശികളുടെ എണ്ണം കുറയ്‌ക്കാനും നിര്‍ദേശമുണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.