ബോസ്റ്റണ്‍ മാരത്തോണിനിടെ ഉണ്ടായ ഇരട്ട സ്ഫോടനങ്ങള്‍ അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്. രാജ്യമെങ്ങും അതീവ ജാഗ്രതയിലാണ്. സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായിരുന്നാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. സ്ഫോടനത്തെക്കുറിച്ച് വൈറ്റ്ഹൌസില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്ഫോടനത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പക്ഷേ സത്യം കണ്ടെത്തും. അതുവരെ മുന്‍വിധികള്‍ ഒന്നും ഇല്ല. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നിയമത്തിന്റെ കാഠിന്യം തിരിച്ചറിയും എന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
സ്ഫോടനങ്ങളുടെ വിശദാംശങ്ങളെപ്പറ്റി ബോസ്റ്റണ്‍ മേയര്‍, മസാച്യുസാറ്റ്സ് ഗവര്‍ണര്‍, എഫ്ബിഐ ഡയറക്ടര്‍ തുടങ്ങിയവരുമായി ഒബാമ ചര്‍ച്ചകള്‍ നടത്തി. മരിച്ചവര്‍ക്കുവേണ്ടി ഒബാമയും മിഷേല്‍ ഒബാമയും പ്രാര്‍ഥന നടത്തി.
ബോസ്റ്റണ്‍ മാരത്തോണിന്റെ ഫിനിഷിംഗ് ലൈനിനു സമീപമുണ്ടായ ഇരട്ട സ്ഫോടനത്തില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. 144 ഓളം പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ലോകത്തിലെ ഏറ്റവും വലിയ മാരത്തോണുകളിലൊന്നായ ബോസ്റ്റണ്‍ മാരത്തോണ്‍ മത്സരത്തിലെ ആദ്യസ്ഥാനക്കാര്‍ ഫിനിഷിങ് ലൈന്‍ കടന്ന് രണ്ടു മണിക്കൂറിനു ശേഷമാണ് സ്ഫോടനമുണ്ടായത്. കൂടുതല്‍ പേര്‍ക്കും കാലിനാണ് പരുക്കേറ്റത്. സ്ഫോടനസമയത്ത് ഫിനിഷിംഗ് ലൈനിനു സമീപമെത്തിയവരുടെ കാലുകള്‍ അറ്റുപോയി. സ്ഫോടനത്തില്‍ ചിന്നിച്ചിതറിയ കാലുകളും രക്തം തളകെട്ടി നില്‍ക്കുന്ന കാഴ്ചയുമാണ് എങ്ങും. സംഭവിച്ചതെന്തെന്ന് ആര്‍ക്കും മനസ്സിലായില്ല. 15 അടിയോളം ഉയരത്തില്‍ പുകപടലങ്ങള്‍ നിറഞ്ഞു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ വ്യോമനിരോധിത മേഖലയായി പ്രഖ്യാപിച്ചു.
തിങ്കളാഴ്ച രാത്രി ഇന്ത്യന്‍ സമയം 12.20 ഓടെയാണ് സ്ഫോടനങ്ങളുണ്ടായത്.