ബീജം രോഗിയുടേത്; അമ്പതോളം കുഞ്ഞുങ്ങള്‍ക്ക് അപൂര്‍വ്വരോഗം

Webdunia
ബുധന്‍, 26 സെപ്‌റ്റംബര്‍ 2012 (10:08 IST)
PRO
PRO
അപൂര്‍വ്വ രോഗമുള്ളയാള്‍ ബീജം ദാനം ചെയ്തത് വഴി രോഗബാധിതരായ അമ്പതോളം കുഞ്ഞുങ്ങള്‍ പിറന്നു. ഞരമ്പുകളില്‍ ട്യൂമറുകള്‍ക്ക് ഇടയാക്കുന്ന അപൂര്‍വ്വ ജനിതക രോഗമുള്ള ഡെന്‍‌മാര്‍ക്ക് സ്വദേശിയാണ് ബീജം ദാനം ചെയ്തത്. പത്തോളം രാജ്യങ്ങളിലായി അമ്പതോളം കുഞ്ഞുങ്ങളാണ് ഇങ്ങനെ പിറന്നത്. അഞ്ച് കുഞ്ഞുങ്ങള്‍ക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു കഴിഞ്ഞു.

കുഞ്ഞുങ്ങള്‍ ടൈപ് 1 ന്യൂറോഫൈബ്രോമറ്റോസിസ് രോഗബാധിതരാവാം എന്നാണ് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നത്. ബുദ്ധിമാന്ദ്യം,​ നട്ടെല്ലിന് തകരാറ് തുടങ്ങിയ പ്രശ്നങ്ങള്‍ ഇവര്‍ക്ക് ഉണ്ടാവാം. ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുകയുമില്ല.

ബീജ ദാനം, കൃത്രിമ ഗര്‍ഭധാരണം തുടങ്ങിയ കാര്യങ്ങളില്‍ ഡെന്മാര്‍ക്കിലെ നിയമം വളരെ ഉദാരമാണ്. ഇതാണ് രോഗബാധിതരായ ഇത്രയും കുഞ്ഞുങ്ങള്‍ പിറക്കാന്‍ വഴിവച്ചത് എന്നത് രൂക്ഷവിമര്‍ശനങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഒരു ബീജദാതാവില്‍ നിന്ന് 25 ബീജ സങ്കലനത്തിനുള്ള ബീജം ശേഖരിക്കാം എന്നാണ് ഡെന്‍മാര്‍ക്കിലെ നിയമം പറയുന്നത്. എന്നാല്‍ രാജ്യത്തെ ബീജബാങ്ക് ഗുരുതരമായ വീഴ്ച വരുത്തിയതായി കണ്ടെത്തിയതോടെ ഇത് 12 ആക്കി ചുരുക്കിയിട്ടുണ്ട്.