ബസിനു നേരെ ബോംബ് ആക്രമണം; ബംഗ്ലാദേശില്‍ ഏഴുപേര്‍ മരിച്ചു

ബുധന്‍, 4 ഫെബ്രുവരി 2015 (09:44 IST)
ബംഗ്ലാദേശില്‍ ബസിനു നേരെ നടന്ന പെട്രോള്‍ ബോംബ് ആക്രമണത്തില്‍ ഏഴുപേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരാണ് ബോംബ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ പാര്‍ട്ടിയാണ് ഇത്.
 
രാജ്യത്തെ തെക്കു - കിഴക്കന്‍ നഗരമായ കോക്‌സസ് ബസാറില്‍ നിന്ന് തലസ്ഥാനമായ ധാക്കയിലേക്ക് വരികയായിരുന്നു ബസിനു നേരയായിരുന്നു ആക്രമണം. പൊള്ളലേറ്റവരെ ധാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോമില്ല മെഡിക്കല്‍കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
 
അതേസമയം, പരിക്കേറ്റ് ആശുപത്രിയില്‍ ഉള്ളവരില്‍ 16 പേരുടെ നില അതീവ ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞമാസം ധാക്കയില്‍ ഉണ്ടായ രാഷ്‌ട്രീയ അക്രമങ്ങളില്‍ കുറഞ്ഞത് 51 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ .
 
അതേസമയം, ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ഇതുവരെ തയ്യാറായിട്ടില്ല.
 
(ചിത്രത്തിനു കടപ്പാട്: ബി ബി സി)

വെബ്ദുനിയ വായിക്കുക