ബലാത്സംഗം: ഇസ്രയേല്‍ മുന്‍ പ്രസിഡന്റിന് തടവ്

Webdunia
ചൊവ്വ, 22 മാര്‍ച്ച് 2011 (17:26 IST)
PRO
ബലാത്സംഗം ഉള്‍പ്പെടെയുള്ള സ്ത്രീപീഡന കേസുകളില്‍ ഇസ്രയേല്‍ മുന്‍ പ്രസിഡന്റ് മോഷെ കത്സാവിന് കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഔദ്യോഗിക പദവിയില്‍ ഇരിക്കുമ്പോള്‍ ഒരു ഉദ്യോഗസ്ഥയെ രണ്ട് തവണ ബലാത്സംഗം ചെയ്ത കേസിലും മറ്റ് രണ്ട് ഉദ്യോഗസ്ഥകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലും കത്സാവ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ഡിസംബറില്‍ വിധിച്ചിരുന്നു.

1998- ല്‍ ടൂറിസം മന്ത്രിയായിരിക്കുമ്പോഴാണ് കത്സാവ് ഒരു ഉദ്യോഗസ്ഥയെ ബലാത്സംഗം ചെയ്തത്. പരാതിക്കാരായ മറ്റ് രണ്ട് സ്ത്രീകളെ 2000-ല്‍ പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് പീഡനത്തിനിരയാക്കിയത്. ബലാത്സംഗ ആരോപണത്തെ തുടര്‍ന്ന് 2007-ല്‍ കത്സാവ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

കത്സാവ് കോടതിയില്‍ കുറ്റം നിഷേധിച്ചിരുന്നു. താന്‍ സെഫാര്‍ദിക് ജൂത വിഭാഗത്തില്‍ പെട്ട ആളായതിനാല്‍ തന്നെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരയാക്കുകയായിരുന്നു എന്നാണ് മുന്‍ പ്രസിഡന്റിന്റെ വാദം. ഇറാനില്‍ ജനിച്ച കത്സാവിന്റെ കുടുംബം ഇസ്രയേലിലേക്ക് കുടിയേറിതാണ്.