പ്രൈമറി സ്കൂളിലെ അധ്യാപകനാകാന്‍ ബില്‍ ക്ലിന്റന്റെ മകന്‍ ബിന്‍ലാദന്റെ അപേക്ഷ

Webdunia
ശനി, 2 ഫെബ്രുവരി 2013 (12:18 IST)
PRO
ഉത്തര്‍പ്രദേശിലെ ഒരു പ്രൈമറി സ്കൂളിലേക്ക് ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ധാരാളം അപേക്ഷയില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് കൂടിക്കാഴ്ചയ്ക്കായി കത്തയയ്ക്കുകയും ചെയ്തു.

കൂടിക്കാഴ്ചയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ട അപേക്ഷകരുടെ വിവരങ്ങള്‍ രണ്ടാമതൊന്ന് പരിശോധിച്ച അധികൃതര്‍ ഞെട്ടിപ്പോയി. അപേക്ഷകരുടെ ലിസ്റ്റില്‍ ഒസാ‍മ ബിന്‍ലാദനും വിദേശരാഷ്രീയ നേതാക്കളും ദൈവങ്ങളും മറ്റും.

ഏതായാലും അപേക്ഷകരൊന്നും കൂടിക്കാഴ്ചയ്ക്ക് എത്തില്ലെന്നത് മാത്രമാണ് ആശ്വാസമായത്. ആയിരക്കണക്കിന് തട്ടിപ്പ് അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇവയൊന്നും തട്ടിപ്പാണെന്ന് കമ്പ്യൂട്ടര്‍ പ്രോഗ്രാമിന് തിരിച്ചറിയാനായില്ലത്രെ. ഒരു അപേക്ഷകന്റെ പേരു തന്നെ 'ഫര്‍ജി 'എന്നാണ് അതായത് തട്ടിപ്പ്. ഇയാളുടെ അച്ഛന്റെ പേരും രസകരമാണ് ഫര്‍ജി സിംഗ്. ബിന്‍ലാദന്റെ പിതാവിന്റെ പേരാണ് ബില്‍ ക്ലിന്റണ്‍.

ഈ അപേക്ഷകര്‍ക്കെല്ലാം അസാമാന്യ അക്കാദമിക് യോഗ്യതയാണുള്ളത്. ഇവരെല്ലാം 100 ശതമാനം വിജയം നേടിയതെന്നാണ് അപേക്ഷയില്‍ കാണിച്ചിട്ടുള്ളത്. ജില്ലയിലെ വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്മെന്റ് ഇവര്‍ക്കെല്ലാം രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കുകയും അഡ്രസുകളിലേക്ക് എഴുത്ത് അയയ്ക്കുകയും ചെയ്ത ശേഷം മാത്രമാണ് ഈ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.

ഓണ്‍ലൈനായാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. അപേക്ഷകരില്‍ 60 ശതമാനം പേരും തട്ടിപ്പുകാരാണെന്ന് പിന്നീടു നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. ഇപ്പോള്‍ കുമിഞ്ഞ് കൂടിയ അപേക്ഷകളില്‍ നിന്നും തട്ടിപ്പേത് സത്യമേതെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിനിടയിലാണ് അധികൃതര്‍.