പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് വത്തിക്കാനില്‍ തുടക്കം. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നരയോടെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന നടന്നു. തുടര്‍ന്ന് മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ള 115 കര്‍ദിനാള്‍മാര്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സിസ്റ്റീന്‍ ചാപ്പലിലേക്ക് പോയി. അതോടെ ചാപ്പലിന്റെ കവാടം അടയും. ആദ്യ വോട്ടെടുപ്പ് ചൊവ്വാഴ്ച വൈകിട്ട് തന്നെ നടന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ തീരുമാനമായില്ലെങ്കില്‍ ബുധനാഴ്ചയും വോട്ടെടുപ്പ് തുടരും.
മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഇന്ത്യയില്‍ നിന്ന് അഞ്ചു കര്‍ദിനാള്‍മാര്‍ക്ക് വോട്ടവകാശം ഉണ്ട്. കേരളത്തില്‍ നിന്നുള്ള മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ബസേലിയോസ് മാര്‍ ക്ലിമിസ് എന്നിവരും ഇതില്‍ ഉള്‍പ്പെടും. സിസ്റ്റീന്‍ ചാപ്പലിന്റെ ചിമ്മിനിയിലൂടെ പുറത്തേക്ക് വരുന്ന വെളുത്ത പുകയാണ് മാര്‍പ്പാപ്പ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന്റെ തെളിവ്. കത്തോലിക്ക സഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെടുന്ന പുതിയ പാപ്പ ബാല്‍ക്കണിയില്‍ വന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യും.
പുതിയ മാര്‍പ്പാപ്പ സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നവര്‍ ഇവരാണ്: ഒഡിലോ ഷിറര്‍(ബ്രസീല്‍), ആഞ്ജലോ സ്കോള (ഇറ്റലി), സീന്‍ ഓമല്ലി(യുഎസ്), മാര്‍ക് ഔലെറ്റ് (കാനഡ), തിമോത്തി ഡോളന്‍(യുഎസ്).
പോപ്പ് ബെന്‍ഡിക്ട് പതിനാറാമന്‍ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നാണ് പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്നത്.