പുതിയ ഐഎസ്ഐ തലവന് ഷാരൂഖ് ഖാനുമായി ബന്ധമില്ല: പാക്

Webdunia
ഞായര്‍, 11 മാര്‍ച്ച് 2012 (17:05 IST)
PRO
PRO
പാക് ചാര സംഘനയായ ഐഎസ്ഐയുടെ പുതിയ തലവന്‍ ലഫ് ജനറല്‍ സാഹിര്‍ ഉള്‍ ഇസ്ലാമിന് ബോളിവുഡ് താരം ഷാറൂഖ് ഖാനുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പാകിസ്ഥാന്‍ നിഷേധിച്ചു. പാക് ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ആണ് ഇക്കാര്യം അറിയിച്ചത്. സാഹിറിന് ഷാരൂഖുമായി ബന്ധമുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നാണ് ഐഎസ്പിആര്‍ അറിയിക്കുന്നത്.

പാക് പ്രതിരോധ വിദഗ്ധന്‍ ഇക്രം സെഹ്ഗാളാണു സാഹിറിന്റെ ഇന്ത്യന്‍ ബന്ധം വെളിച്ചത്ത് കൊണ്ടുവന്നത്. സ്വാതന്ത്ര്യസമര പോരാളി സുഭാഷ് ചന്ദ്ര ബോസിന്റെ ഐഎന്‍എയിലെ മേജര്‍ ഷാനവാസ് ഖാന്റെ പേരമകനാണ് സാഹിര്‍. വിഭജന സമയത്ത് ഒരു മകനോടൊപ്പം ഷാനവാസ് ഖാന്‍ ഇന്ത്യയിലേക്ക് പോയി എന്നും തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന് അദ്ദേഹം ലോക്സഭാംഗമായി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഷാനവാസിന്റെ മറ്റൊരു മകനായ നവാസ് ഖാന്‍ പാകിസ്ഥാനില്‍ തന്നെയാണ് കഴിഞ്ഞത്. ഇയാളുടെ മകനാണ് സാഹിര്‍.

മാര്‍ച്ചില്‍ വിരമിക്കുന്ന ഐഎസ്ഐ മേധാവി അഹമ്മദ് ഷൂജ പാഷയുടെ പിന്‍ഗാമിയായി സാഹിര്‍ ചുമതലയേല്‍ക്കും.

English Summary: Pakistan's Inter-Services Public Relations (ISPR) has turned down an Indian media report that the new Inter-Services Intelligence chief, Zahir-ul-Islam, and Bollywood actor Shahrukh Khan are related.