പാക്: സംഘര്‍ഷത്തില്‍ 43 മരണം

Webdunia
തിങ്കള്‍, 21 ജൂലൈ 2008 (16:03 IST)
പാകിസ്ഥാനില്‍ തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ എറ്റുമുട്ടലുകളില്‍ 43 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒന്‍പത് പേര്‍ സുരക്ഷാ സൈനികരാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മരിച്ചവരില്‍ പാകിസ്ഥാന്‍ പെട്രോളിയം ലിമിറ്റഡിലെ ഒരു എഞ്ചിനീയറും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. രണ്ട് ദിവസമായി ദെര ബുഗ്തി ജില്ലയിലെ ഉച് മേഖലയില്‍ ഭീകരരും സുരക്ഷാ സേനയുമായി പോരാട്ടം നടക്കുകയാണ്.

എട്ട് ഭീകരര്‍ ശനിയാഴ്ച കൊല്ലപ്പെട്ടിരുന്നു. ബാക്കിയുള്ളവര്‍ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒന്‍പത് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കും ചോദ്യം ചെയ്യുന്നതിനുമായി പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലേക്ക് കൊണ്ടു പോയിട്ടുണ്ട്.

ഉച് മേഖലയിലെ വാതക സ്ഥാപനത്തില്‍ സ്ഥാപനത്തില്‍ ശനിയാഴ്ച രാത്രി ഭീകരര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. തുടര്‍ന്ന് ഇരു വിഭാഗവും ശക്തമായ വെടിവയ്പ് നടത്തി.

നിരവധി സുരക്ഷാ സൈനികരെ കൊലപ്പെടുത്തിയതായി ബലൂച് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ വക്താവ് അവകാശപ്പെട്ടു. സുരക്ഷാ സേന നിരപരാധികളായ ഗോത്രവര്‍ഗ്ഗക്കാരെ കൊലപ്പെടുത്തിയെന്നും വക്താവ് ആരോപിച്ചു.