പാകിസ്ഥാനില്‍ പ്രധാനമന്ത്രി ആകുമെന്ന് കരുതപ്പെട്ടിരുന്ന പി പി പി നേതാവ് മഖ്ദൂം അമിന്‍ ഫാഹിമിനെതിരെ പാര്‍ട്ടിയിലെ ചിലര്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് അദ്ദേഹം പിന്‍മാറുമെന്ന് സൂചന. പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള വ്യക്തി പ്രധാനമന്ത്രി ആകണമെന്നാണ് പി പി പിയിലെ ചില നേതാക്കള്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പി പി പി നേതാക്കളുടെ ചിന്താഗതിയില്‍ മാറ്റമുണ്ടായിട്ടുണ്ട്. മറ്റ് മൂന്ന് പേരുകള്‍ കൂടി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കാന്‍ തുടങ്ങി. ഷാ മഹ്മൂദ് ഖുറേഷി, യൂസഫ് റാസ ഗിലാനി, അഹ്മദ് മുഖ്തര്‍ എന്നീ പേരുകളാണ് പുതുതായി ഉയര്‍ന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ടുളളത്.
ഏത് പ്രവിശ്യയില്‍ നിന്നുള്ള ആളാണ് പ്രധാനമന്ത്രി ആകേണ്ടതെന്നതിനെ കുറിച്ച് പാര്‍ട്ടി നേതാക്കളുടെ ഇടയില്‍ പുനര്‍ചിന്തനം നടക്കുന്നുണ്ട്. നേരത്തേ, സിന്ധില്‍ നിന്നുള്ള ആളാണ് പ്രധാനമന്ത്രി ആകേണ്ടതെന്നാണ് തീരുമാനിച്ചിരുന്നത്.
അതിനിടെ, പി പി പി ഉപാധ്യക്ഷന്‍ ആസിഫ് അലി സര്‍ദാരിയെ സന്ദര്‍ശിച്ച ഫാഹിം തന്‍റെ പുത്രനെ സിന്ധ് മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ടതായി വാര്‍ത്തയുണ്ട്.ഇങ്ങനെ വന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്‍റെ പേര്‍ പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് വാര്‍ത്ത.