പാക്: പിപിപിക്ക് പുറത്ത് നിന്ന് പിന്തുണ

Webdunia
ബുധന്‍, 27 ഫെബ്രുവരി 2008 (10:13 IST)
PTIPTI
പാകിസ്ഥാനില്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി(പി പി പി)ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പുറത്ത് നിന്ന് പിന്തുണ നല്‍കാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫിന്‍റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ മുസ്ലീം ലീഗ്-എന്‍(പി എം എല്‍ -എന്‍) തീരുമാനിച്ചതായി റിപ്പോര്‍ട്ട്. മുഷറഫിന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്‍റെ ഭാഗമാകാന്‍ താല്പര്യമില്ലാത്തതിനാലാണ് മന്ത്രി സഭയില്‍ ചേരാത്തതെന്ന് പി എം എല്‍-എന്‍ നേതാക്കള്‍ അറിയിച്ചു.

കേന്ദ്രത്തില്‍ രൂപീകരിക്കുന്ന സര്‍ക്കാരില്‍ പി എം എല്‍-എന്‍ ചേരില്ല.എന്നാല്‍, പി പി പി രുപീകരിക്കുന്ന സര്‍ക്കാരിന് പുറത്ത് നിന്ന് പിന്തുണ നല്‍കും.തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനാണ് ഇത്- പി എം എല്‍-എന്‍ വക്താവ് അഹ്സാന്‍ ഇക്ബാല്‍ പറഞ്ഞു.

മന്ത്രിസഭയില്‍ ഭാഗഭാക്കാകാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. പ്രസിഡന്‍റ് മുഷറഫിന്‍റെ കീഴില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ താല്പര്യമില്ലാത്തതിനാലാണിത്- പി എം എല്‍-എന്‍ മുതിര്‍ന്ന നേതാവ് ചൌധരി നിസാര്‍ അലി ഖാന്‍ പറഞ്ഞു.

പി പി പിയെ പിന്തുണയ്ക്കുന്നതിന് വ്യവസ്ഥകളൊന്നും വച്ചിട്ടില്ലെന്ന് പി എം എല്‍-എന്‍ നേതാക്കള്‍ പറഞ്ഞു. പി എം എല്ലിന് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശം മാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു.