പാകിസ്ഥാനും ‘താരേ സമീന്‍’ ഇഷ്ടം!

Webdunia
PROPRO
അമീര്‍ഖാന്‍റെ ആദ്യ സംവിധാന സംരംഭം, ‘താരേ സമീന്‍ പര്‍’ പാകിസ്ഥാന്‍ മണ്ണില്‍ റിലീസിംഗിനു മുമ്പ് തന്നെ ശ്രദ്ധ പിടിച്ചു പറ്റി. പഠന വൈകല്യമുള്ള ഒരു എട്ട് വയസ്സുകാരനിലൂടെ കുട്ടികളെ പരിപാലിക്കുന്നതിന്‍റെ മനോഹരമായ സന്ദേശം നല്‍കിയ ചിത്രത്തിനു പിന്തുണ നല്‍കുന്നത് വിവിധ കോളേജുകളിലെയും സ്കൂളുകളിലെയും ഉന്നതാധികാരികള്‍ തന്നെയാണ്.

വിദ്യാര്‍ത്ഥികളെ ഈ ചിത്രം കാണിക്കാന്‍ സൌകര്യം ചെയ്യണമെന്ന് വിവിധ സ്കൂളുകളിലും കോളേജുകളിലും ഉന്നതാധികാരികള്‍ ഇതിനകം നിര്‍ദേശിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ മാസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രം മുക്ത കണ്ഠ പ്രശംസ നേടിയിരുന്നു. ഇത് ഉടന്‍ തന്നെ ജിയോ ടി വി വഴി പാകിസ്ഥാനിലും എത്തും.

പാകിസ്ഥാനിലെ മിക്കവാറും സ്കൂളുകളിലെ തലവന്‍‌മാര്‍ സ്വന്തം ജോലിക്കാരായ മറ്റ് അദ്ധ്യാപകരോട് ചിത്രം കാണാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ചില സ്ഥലങ്ങളില്‍ സ്കൂളുകളില്‍ പ്രത്യേക പ്രദര്‍ശനം തന്നെ ഒരുക്കിയിരിക്കുകയാണ്. ഈ അസുഖത്തെ കുറിച്ച് പാകിസ്ഥാനിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും മനസ്സിലാക്കുന്നതിന് അവസരമൊരുക്കും.
മൂന്ന് മണിക്കൂറു കൊണ്ട് ഈ അസുഖത്തെ കുറിച്ച് ഞങ്ങളുടെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് മനസ്സിലാക്കാനും പഠിക്കാനും അവസരം ഒരുക്കുമെന്ന് ലേഡി റീഡിംഗ് ഹോസ്പിറ്റലിലെ പീഡിയാട്രിക്ക് വിഭാഗം സീനിയര്‍ റജിസ്ട്രാര്‍ ഡോക്ടര്‍ മുഹമ്മദ് ഹുസൈന്‍ വ്യക്തമാക്കുന്നു. ഈ വിഭാഗത്തിലെ പ്രൊഫസര്‍മാരാണ് ചിത്രം കാണാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

“എല്ലാ കുട്ടികളും പഠിക്കുന്നത് ഒരു പോലെയല്ല. എല്ലാത്തരം ആധുനിക സൌകര്യങ്ങള്‍ കൈവശമുണ്ടെങ്കിലും പഠനവൈകല്യം പോലുള്ള അസുഖമുള്ള കുട്ടികളിലും അറിവ് എത്തിക്കാന്‍ തക്ക വിധത്തിലുള്ള സാധരണയില്‍ നിന്നും വിഭിന്നമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാനും കൈകാര്യം ചെയ്യാനും അദ്ധ്യാപകര്‍ പഠിച്ചിരിക്കണം.” ഖൈബര്‍ മോഡല്‍ സ്കൂളിന്‍റെ തലവന്‍ ജഹാംഗീര്‍ ഖാന്‍ പറയുന്നു.

ഈ ചിത്രം സ്വന്തം കുട്ടികളെ മനസ്സിലാക്കാന്‍ അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും അവസരമൊരുക്കുമെന്നും ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന സന്ദേശവും ചിത്രം നല്‍കുന്നതായി ജഹാംഗീര്‍ ഖാന്‍ വ്യക്തമാക്കുന്നു. പഠിക്കാനും എഴുതാനും വായിക്കാനും സംസാരിക്കാനും എല്ലാം തന്നെ കുട്ടികളില്‍ വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രോഗമാണ് പഠനവൈകല്യം.