പാകിസ്ഥാനില്‍ ബോംബ് സ്ഫോടനം: 103 പേര്‍ കൊല്ലപ്പെട്ടു

Webdunia
വെള്ളി, 11 ജനുവരി 2013 (03:07 IST)
PRO
PRO
പാകിസ്ഥാനില്‍ ആറ് ബോംബുസ്‌ഫോടനങ്ങളിലായി 103 പേര്‍ കൊല്ലപ്പെട്ടു. 270ലേറെ പേര്‍ക്ക് പരുക്കേറ്റു. പ്രശ്‌നബാധിത പ്രവിശ്യകളായ ബലൂചിസ്താനിലും ഖൈബര്‍ പക്തൂണ്‍ഖ്വയിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്.
ബലൂചിസ്താന്റെ തലസ്ഥാനമായ ക്വെറ്റയിലെ അലംദാര്‍ റോഡില്‍ വൈകിട്ടുണ്ടായ ചാവേറാക്രമണത്തിലാണ് 69 പേര്‍ മരിച്ചത്. 160ലേറെ പേര്‍ക്ക് പരുക്കേറ്റു.

സ്‌നൂക്കര്‍ ക്ലബില്‍ കടന്നുവന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയാണുണ്ടായത്. ചാവേറാക്രമണത്തെത്തുടര്‍ന്ന് സുരക്ഷാഭടന്മാരും മാധ്യമപ്രവര്‍ത്തകരുമടക്കം ഒട്ടേറെയാളുകള്‍ തടിച്ചുകൂടിയപ്പോള്‍ സ്ഥലത്ത് മൂന്ന് ബോംബുകള്‍ കൂടി പൊട്ടിത്തെറിച്ചു. ഡിവൈ.എസ്.പി.യും ടെലിവിഷന്‍ ചാനലിന്റെ ക്യാമറാമാനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്മാരുമടക്കം ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

മണിക്കൂറുകള്‍ക്കുമുമ്പ് ക്വെറ്റയിലെ തിരക്കേറിയ കവലയില്‍ സൈനികവാഹനത്തിന് താഴെ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് 12 പേര്‍ മരിച്ചിരുന്നു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു സൈനികനും രണ്ടുകുട്ടികളും ഉള്‍പ്പെടുന്നു.

ഖൈബര്‍ പക്തൂണ്‍ഖ്വയിലെ സ്വാത് താഴ്‌വരയില്‍ മതകേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ മരിച്ചു. എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. സ്വാത്തിന്റെ തലസ്ഥാനമായ മിങ്കോറയിലാണ് സംഭവം. ഒട്ടേറെ വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കായി കേന്ദ്രത്തില്‍ ഒത്തുകൂടിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്. വാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചതാണെന്ന് റേഡിയോ പാകിസ്താന്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഭീകരാക്രമണമാണെന്ന് അധികൃതര്‍ പിന്നീട് വ്യക്തമാക്കി.