കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ താലിബാന്‍ ഭീകരര്‍ വധിക്കാന്‍ ശ്രമിച്ച പാക് പെണ്‍കുട്ടി മലാല യൂസഫ്സായിയെ നൊബേല്‍ സമാധാന സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തു. ഒക്ടോബര്‍ ആദ്യമാണ് നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുക.
നൊബേല്‍ സമ്മാനത്തിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ഒന്ന് ആയിരുന്നു. പട്ടികയില്‍ മറ്റ് പേരുകളും ഉണ്ട്. എന്നാല്‍ ആര്‍ക്ക് പുരക്സാരം ലഭിക്കും എന്ന് ഇപ്പോള്‍ പറയുക അസാധ്യം.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്‍ നടപടിയ്ക്കെതിരെ പ്രവര്‍ത്തിച്ചതിനാണ് മലാല എന്ന 15കാരിയെ കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. 2012 ഒക്ടോബര്‍ ഒമ്പതിന് വൈകിട്ട് സ്കൂള്‍ ബസില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു മലാലയുടെ തലയില്‍ ഭീകരര്‍ ഉതിര്‍ത്ത വെടിയുണ്ട തുളഞ്ഞുകയറിയത്. ഗുരുതരാവസ്ഥയില്‍ പെഷവാറിലെ സൈനിക ആശുപത്രിയില്‍ കഴിഞ്ഞ മലാലയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലെ ബര്‍മിങ്ഹാമിലെ ക്വീന്‍സ് എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ലോകത്തിന്റെ പ്രാര്‍ത്ഥന ഫലം കണ്ടു. മലാല സുഖം പ്രാപിച്ചു വരികയാണ്. കഴിഞ്ഞ ദിവസം അവള്‍ക്ക് വീണ്ടും ശസ്ത്രക്രിയ നടത്തിയിരുന്നു.