ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ മരണം 8000 കടന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ, വെള്ളിയാഴ്ച രണ്ട് തുടര്‍ചലനങ്ങള്‍ കൂടി ഉണ്ടായി. അതേസമയം, മരണം 15, 000 കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂകമ്പം ഉണ്ടായി രണ്ടാഴ്ച കഴിയുമ്പോഴും നേപ്പാളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല.
അതേസമയം, ഇന്നു പുലര്‍ച്ചെയും നേപ്പാളില്‍ രണ്ട് തുടര്‍ ചലനങ്ങള്‍ രേഖപ്പെടുത്തി. പുലര്‍ച്ചെ 02.19ന് സിന്ധുപാല്‍ചൌക് ജില്ലയില്‍ റിക്‌ടര്‍ സ്കെയിലില്‍ നാല് രേഖപ്പെടുത്തിയ ചലനവും രാവിലെ 06.17ന് ദൊലാഖയില്‍ റിക്‌ടര്‍ സ്കെയിലില്‍ അഞ്ച് രേഖപ്പെടുത്തിയ ചലനവുമാണ് രേഖപ്പെടുത്തിയത്.
ഏപ്രില്‍ 25ന് റിക്‌ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിനു ശേഷം റിക്‌ടര്‍ സ്കെയിലില്‍ നാലിനു മുകളില്‍ രേഖപ്പെടുത്തിയ 150 ഓളം ചലനങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഔദ്യോഗികമായി ലഭിക്കുന്ന വിവരം അനുസരിച്ച് മരണം 7,885 കടന്നിട്ടുണ്ട്. 16, 390 പേര്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നുണ്ട്.
ഭൂകമ്പത്തില്‍ 3000ത്തില്‍ അധികം ആളുകളാണ് സിന്ധുപാല്‍ചൌകില്‍ കൊല്ലപ്പെട്ടത്. കാഠ്‌മണ്ഡുവില്‍ 1209 പേര്‍ കൊല്ലപ്പെട്ട സ്ഥാനത്താണ് ഇത്.