നൃത്തമാടി; ആറുപേരെ പട്ടിണിക്കിട്ട് കൊല്ലാന്‍ വിധി!

Webdunia
ചൊവ്വ, 29 മെയ് 2012 (14:15 IST)
PRO
PRO
സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് ചൂടന്‍ നൃത്തമാടിയ രണ്ട് യുവതികളെയും നാല് യുവാക്കളെയും മരത്തില്‍ കെട്ടിയിട്ട് വെള്ളവും ഭക്ഷണവും നല്‍കാതെ കൊല്ലാന്‍ കട്ടപ്പഞ്ചായത്ത് വിധിച്ചു. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലമാബാദില്‍ നിന്ന് 130 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന ബന്ദോ ബൈദര്‍ ഗ്രാമത്തിലെ പഞ്ചായത്താണ് ഈ ക്രൂരമായ ഉത്തരവിട്ടിരിക്കുന്നത്.

പാകിസ്ഥാനില്‍ വിവാഹച്ചടങ്ങുകള്‍ക്ക് ചൂടന്‍ നൃത്തം അവതരിപ്പിക്കുന്നത് പതിവുള്ള കാര്യമാണ്. എന്നാല്‍, ബന്ദോ ബൈദറില്‍ നടന്ന നൃത്തരംഗങ്ങള്‍ ആരോ മൊബൈലില്‍ ഷൂട്ടുചെയ്യുകയും ഇന്റര്‍‌നെറ്റില്‍ അപ്‌ലോഡുചെയ്യുകയും ചെയ്തതാണ് ഗ്രാമസഭയെ പ്രകോപിപ്പിച്ചത്. അത്യാവശ്യം അശ്ലീലച്ചുവടുകളുള്ള ഈ നൃത്തരംഗങ്ങള്‍ പ്രചരിച്ചതോടെ തങ്ങളുടെ മാനം കപ്പലേറിയതായി ഗ്രാമസഭ കരുതുന്നു.

നൃത്തമാടിയ യുവതീയുവാക്കളെ ഗ്രാമത്തിലുള്ളവര്‍ വളഞ്ഞുപിടിക്കാന്‍ ശ്രമിച്ചെങ്കിലും യുവാക്കള്‍ ഓടിക്കളഞ്ഞു. തുടര്‍ന്ന് കയ്യില്‍ കിട്ടിയ യുവതികളെ കട്ടപഞ്ചായത്ത് മരത്തില്‍ ബന്ധിക്കുകയായിരുന്നു. യുവാക്കളെ കിട്ടും വരെ യുവതികള്‍ക്ക് കട്ടപ്പഞ്ചായത്ത് ഭക്ഷണവും വെള്ളവും അനുവദിച്ചു. കാരണം, പഞ്ചായത്തിന്റെ തീര്‍പ്പനുസരിച്ച് ആദ്യം യുവാക്കളെയായിരുന്നു പട്ടിണിക്ക് കൊല്ലേണ്ടിയിരുന്നത്.

യുവതികളെ ബന്ദോ ബൈദര്‍ ഗ്രാമത്തില്‍ കെട്ടിയിട്ടിരിക്കുന്ന വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സര്‍ക്കാര്‍ കാര്യത്തില്‍ ഇടപെട്ടു. സര്‍ക്കാര്‍ ഗ്രാമത്തിലേക്ക് പൊലീസിനെ അയച്ചിട്ടുണ്ട്. ഈ ഉത്തരവിടുകയും നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് കട്ടപ്പഞ്ചായത്ത് അംഗങ്ങള്‍ നാലുദിവസത്തില്‍ മരത്തില്‍ കെട്ടിയിടാനാണ് സര്‍ക്കാര്‍ പൊലീസിന് രഹസ്യമായി നല്‍‌കിയിരിക്കുന്ന നിര്‍ദ്ദേശം എന്നറിയുന്നു.

കുടുംബത്തിന്റെ മാനം രക്ഷിക്കുന്നതിനായി ഇക്കഴിഞ്ഞ വര്‍ഷത്തില്‍ മാത്രം ആയിരത്തോളം കൊലകളാണ് പാകിസ്ഥാനില്‍ അരങ്ങേറിയത്. കടുത്ത യാഥാസ്ഥിതിക വിശ്വാസികളായ ഗ്രാമീണരും അവരോടൊപ്പം ചേര്‍ന്ന് താലിബാന്‍ പോലുള്ള സംഘടനകളും നടത്തുന്ന കൊലകളും ആക്രമണ പരമ്പരകളും പാകിസ്ഥാനെ സംസ്കാരമില്ലാത്ത ജനതയായി ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നത് സര്‍ക്കാര്‍ ഏറെ ഗൌരവത്തോടെയാണ് കാണുന്നത്.