ദീപാവലിക്കും ഭഗവന്‍‌ദാസ് വീട്ടുതടങ്കലില്‍

Webdunia
ശനി, 10 നവം‌ബര്‍ 2007 (15:56 IST)
ലോകം മുഴുവനുള്ള ഹിന്ദുക്കള്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ദീപാവലി ആഘോഷിച്ചപ്പോള്‍ പാകിസ്ഥാന്‍ സുപ്രീം കോടതിയിലെ ഒരേയൊരു ഹിന്ദു ജഡ്ജിയായ ജസ്റ്റിസ് റാണാ ഭഗവന്‍‌ദാസ് വീട്ടു തടങ്കലിലായിരുന്നു. പാകിസ്ഥാനില്‍ അടിയന്തരാവസ്ഥക്കെതിരെ നിലക്കൊണ്ടവരെയെല്ലാം നിയന്ത്രണത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് റാണാ ഭഗവന്‍‌ദാസിനെ വീട്ടുതടങ്കലിലാക്കിയത്.

നവംബര്‍ മൂന്നിന് പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം പ്രത്യേക നിയമപ്രകാരം ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഭഗവന്‍‌ദാസ് തയാറായിരുന്നില്ല. നേരത്തേയും മുഷറഫിന് എതിരായ പല തീരുമാനങ്ങളും ഭഗവന്ദാസ് എടുത്തിട്ടുണ്ട്. ദീപാവലി ദിനത്തില്‍ സഹോദരന്‍റെ വീടു സന്ദര്‍ശിക്കാന്‍ പോലും ഭഗവന്‍‌ദാസിനെ പൊലീസ് അനുവദിച്ചില്ല.

അതേസമയം എല്ലാ ജഡ്ജിമാര്‍ക്കും ഇഷ്ടമുള്ളിത്ത് പോവാന്‍ സ്വാതന്ത്ര്യം ഉണ്ടെന്ന് പാകിസ്ഥാന്‍ അറ്റോര്‍ണി ജനറല്‍ പറഞ്ഞു. എല്ലാ വര്‍ഷവും കറാച്ചിയില്‍ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാറുണ്ടെന്ന് ഭഗവന്‍‌ദാസ് പറഞ്ഞു.

മതപരമായ കാര്യങ്ങളില്‍ നിഷ്ക്കര്‍ഷ പുലര്‍ത്തുന്ന ഭഗവന്‍‌ദാസിനെ ദീപാവലി ആഘോഷിക്കാന്‍ അനുവദിക്കാത്തത് മുഷറഫിന്‍റെ മതേതര പ്രതിച്ഛായെ ചോദ്യം ചെയ്യുന്നുണ്ട്.