ദക്ഷിണാഫ്രിക്കയില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം വ്യാപകമാകുന്നു. കുടിവെള്ളം, പാര്‍പ്പിടം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്.
പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. ജാഹാനസ്ബര്‍ഗ്, എംപുലാംഗ എന്നിവയടക്കം രാജ്യത്തെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. പലയിടങ്ങളിലും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. തൊക്കോസ ടൗണ്‍ഷിപ്പില്‍ ഇന്നലെ പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പൊലീസ് റബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിവച്ചു. പൊലീസിനു നേരെയും കാറുകള്‍ക്കു നേരെയും കല്ലേറുണ്ടായി.
ദാരിദ്ര്യവും പട്ടിണിയും വ്യാപകമായതും മെച്ചപ്പെട്ട താമസ സൌകര്യം ലഭ്യമാക്കാത്തതും ടൌണ്‍ ഷിപ്പുകളില്‍ മലിന ജലം കെട്ടിക്കിടക്കുന്നതും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ സര്‍ക്കാരിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിന് പുറമെ വര്‍ദ്ധിച്ച് വരുന്ന തൊഴിലില്ലായ്മയും ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കുന്നുണ്ട്.
ആഗോള സാമ്പത്തിക മാന്ദ്യം രാജ്യത്തെ രൂക്ഷമായി ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ സര്‍ക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ പതിനേഴ് വര്‍ഷത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ദാരിദ്ര്യത്തിനെതിരെ പോരാട്ടം നടത്തുമെന്ന പ്രചാരണത്തോടെ അധികാരത്തിലെത്തിയ പ്രസിഡന്‍റ് ജേക്കബ് സൂമയ്ക്ക് ഇപ്പോഴത്തെ പ്രതിഷേധ പ്രകടനങ്ങള്‍ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.