തലയിലേറ്റ വെടിയുണ്ട തുമ്മിക്കളഞ്ഞു!

Webdunia
ബുധന്‍, 12 ജനുവരി 2011 (10:09 IST)
ഒരു ഇറ്റാലിയന്‍ യുവാവിന്റെ തലയിലേറ്റ വെടിയുണ്ട തുമ്മലിലൂടെ പുറത്തുപോയി! വെടിയേറ്റ് രക്തമൊലിപ്പിച്ച യുവാവിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് അദ്ദേഹം തുമ്മിയതും വെടിയുണ്ട പുറത്തേക്ക് തെറിച്ചു വീണതും.

ഇറ്റലിയിലെ നേപ്പിള്‍സ് നഗരത്തില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ നടക്കുന്ന അവസരത്തില്‍ പെണ്‍ സുഹൃത്തുമൊത്ത് കറങ്ങാനിറങ്ങിയപ്പോഴാണ് ഡാര്‍കൊ സാംഗര്‍മാനൊ (28) എന്ന യുവാവിന്റെ തലയ്ക്ക് വെടിയേറ്റത്. ഇറ്റലിയിലെ ഏറ്റവും അപകടം പിടിച്ച നഗരമാണ് നേപ്പിള്‍സ്.

തലയുടെ വലതു വശത്ത് കണ്ണിനു പിന്നിലായാണ് സാംഗര്‍മാനൊയ്ക്ക് വെടിയേറ്റത്. കണ്‍‌കുഴിയുടെ പിന്നിലൂടെ തലയിലേക്ക് തുളച്ചു കയറിയ 0.22 കാലിബര്‍ വെടിയുണ്ട ശ്വസന പാതയിലെത്തി നില്‍ക്കുകയായിരുന്നു. ഈ വെടിയുണ്ട സാംഗര്‍മാനൊയുടെ മൂക്കിന്റെ വലതു ദ്വാരം വഴിയാണ് പുറത്തേക്ക് ചീറ്റിത്തെറിച്ചത്.

ചികിത്സ കഴിഞ്ഞ് സുഖം പ്രാപിച്ച യുവാവ് വീട്ടിലേക്ക് മടങ്ങിയെന്ന് ‘ഡയ്‌ലി ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ കാഴ്ചയ്ക്ക് ചെറിയ മങ്ങലുണ്ട് എങ്കിലും ഭാവിയില്‍ ഒരു ശസ്ത്രക്രിയയിലൂടെ ആ കുറവും പരിഹരിക്കാമെന്ന വിശ്വാസത്തിലാണ് ഡോക്ടര്‍മാര്‍.