തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ വോക്‌സ്‌വാഗണ്‍ ബീറ്റില്‍ കത്തിച്ചു!

Webdunia
ശനി, 8 ഫെബ്രുവരി 2014 (16:05 IST)
PRO
PRO
ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ വോക്‌സ്‌വാഗണിന്റെ ബീറ്റില്‍ മോഡല്‍ കാറിന്റെ പ്രൌഢി വാഹനപ്രേമികളെ വശീകരിക്കുന്നതാണ്. ഇന്ത്യന്‍ വിപണിയില്‍ ഇതിന് 21 ലക്ഷത്തിലേറെ രൂപ വിലയും വരും. ആരും തന്റേതാക്കാന്‍ കൊതിക്കുന്ന ഈ മോഡല്‍ കാര്‍ ഒരു ദയയും കൂടാതെ കത്തിച്ചുകളഞ്ഞിരിക്കുകയാണ് ചൈനാക്കാരനായ യുവാവ്. തണുപ്പ് ലഭിക്കാനാണ് കാര്‍ കത്തിച്ചതെന്ന വിശദീകരണവും ഇയാള്‍ നല്‍കുന്നു.

മദ്യലഹരിയിലാണ് യുവാവിന്റെ ഈ പ്രകടനം. തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ ആളുകള്‍ തീ കത്തിക്കാറുണ്ട്. ഇവിടെ തണുപ്പകറ്റാണ് ചെന്‍ എന്ന 20 വയസ്സുള്ള ചൈനാക്കാരന്‍ സ്വന്തം കാറ് കത്തിക്കുകയായിരുന്നു. ചൈനയിലെ ജിയാഗ്‌സു പ്രവിശ്യയിലെ നാന്‍ജിംഗ് നഗരത്തിലാണ് സംഭവം.

നടുറോഡില്‍ ആയിരുന്നു കാര്‍ കത്തിക്കല്‍. കാറിന് മുകളില്‍ വൈക്കോല്‍ കൂട്ടിയിട്ടായിരുന്നു കത്തിക്കല്‍ പരിപാടി. കാര്‍ പൂര്‍ണ്ണമായും കത്തി നശിക്കുകയും ചെയ്തു. ഒടുവില്‍ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെയാണ് തീയണച്ചത്. യുവാവിനെ പൊലീസ് പിടികൂടുകയും ചെയ്തു.
നടുറോഡില്‍ തീവയ്പ്പ് നടത്തിയതിന് കേസ് റജിസ്റ്റര്‍ ചെയ്തു. പക്ഷേ കാര്‍ കത്തിച്ചപ്പോള്‍ താന്‍ പ്രതീക്ഷിച്ചതില്‍ അധികം ചൂട് അനുഭവപ്പെട്ടു എന്നും അത് അസഹ്യമായി എന്നുമാണ് യുവാവിന്റെ പ്രതികരണം.