തടിയന്‍‌മാരുടെ വിമാനയാത്രയ്ക്ക് ചെലവേറും!

Webdunia
വ്യാഴം, 21 ജനുവരി 2010 (17:07 IST)
PRO
തടിയന്‍‌മാരുടെ വിമാനയാത്രയ്ക്ക് ഫ്രാന്‍സില്‍ ഇനി ചെലവേറും. അമിതമായി തടിയുള്ളവര്‍ വിമാനത്തില്‍ രണ്ടു സീറ്റുകള്‍ ബുക്കുചെയ്യണമെന്ന എയര്‍ ഫ്രാന്‍സിന്‍റെ നിര്‍ദ്ദേശമാണ് തടിയന്‍‌മാര്‍ക്ക് ഇരുട്ടടിയാകുന്നത്.

ഏപ്രില്‍ ഒന്നുമുതലാണ് നിര്‍ദ്ദേശം നടപ്പില്‍ വരുക. 43 മുതല്‍ 44 സെന്‍റീമീറ്റര്‍ വരെ വീതിയിലാണ് വിമാനത്തിന്‍റെ സീറ്റുകള്‍. ഈ സീറ്റുകളില്‍ ഒതുങ്ങിയിരിക്കാന്‍ ആകാത്ത തടിയുള്ളവര്‍ക്കാണ് രണ്ട് സീറ്റുകള്‍ ബുക്കു ചെയ്യേണ്ടിവരുക. രണ്ടാമത്തെ സീറ്റിനായി എഴുപത്തിയഞ്ച് ശതമാനം തുകയാണ് തടിയന്‍‌മാര്‍ നല്‍കേണ്ടത്.

വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ പ്രോസസിന് ഹാജരാകുമ്പോള്‍ യാത്രക്കാര്‍ക്ക് ഒരു സീറ്റില്‍ ഇരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്നും ഇതിന് ശേഷം വേണ്ടിവന്നാല്‍ മാത്രമേ രണ്ടാമത്തെ സീറ്റു ബുക്ക് ചെയ്യാന്‍ ആവശ്യപ്പെടുവുള്ളുവെന്നും എയര്‍ ഫ്രാന്‍സ് അധികൃതര്‍ വിശദീകരിക്കുന്നു. സീറ്റ് ബുക്ക് ചെയ്യാനായി തടിയന്‍‌മാരെ നിര്‍ബന്ധിക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് നടപടിയെന്നാണ് എയര്‍ ഫ്രാന്‍സിന്‍റെ വിശദീകരണം. ഒരു സീറ്റില്‍ മാത്രമായി തടിയന്‍‌മാര്‍ ഇരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റിന്‍റെ പ്രയോജനം പൂര്‍ണ്ണമായി ലഭിക്കില്ല. തടിയുള്ളവരുടെ അടുത്ത സീറ്റുകളില്‍ ഇരിക്കുന്ന യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്. അവരുടെ സുരക്ഷിതമായ യാത്രയ്ക്കും തടിയന്‍‌മാരുടെ സാന്നിധ്യം തടസമുണ്ടാക്കുന്നുണ്ട് എയര്‍ ഫ്രാന്‍സ് വിശദീകരിക്കുന്നു.

മുഴുവന്‍ സീറ്റുകളിലും യാത്രക്കാരുമായി പോകുന്ന വിമാനങ്ങളില്‍ മാത്രമായിരിക്കും നിര്‍ദ്ദേശം നടപ്പാക്കുക. സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ രണ്ടാമത്തെ സീറ്റ് ബുക്ക് ചെയ്യുന്നതില്‍ നിന്നും ഇവരെ ഒഴിവാക്കുമെന്നും അധികമായി അടയ്ക്കുന്ന പണം തിരികെ നല്‍കുമെന്നും കമ്പനി വ്യക്തമാക്കുന്നു.