ഡ്രോണ്‍ ആക്രമണം പാകിസ്ഥാന്‍ സര്‍ക്കാരിന്റെ അറിവോടെയെന്ന് റിപ്പോര്‍ട്ടുകള്‍

Webdunia
ശനി, 26 ഒക്‌ടോബര്‍ 2013 (12:15 IST)
PRO
പാകിസ്ഥാനിലെ ഗോത്രമേഖലയില്‍ അമേരിക്ക നടത്തുന്ന ഡ്രോണ്‍ ആക്രമണം പാക് അധികൃതരോടെ സമ്മതത്തോടെയാണെന്ന് ഐക്യരാഷ്ട്രസഭയില്‍ റിപ്പോര്‍ട്ട്.

2004 ജൂണിനും 2008 ജൂണിനുമിടെ അമേരിക്കയുടെ ആക്രമണങ്ങള്‍ക്ക് പാക് സൈന്യത്തിലെയും സര്‍ക്കാരിലെയും ഉന്നതരുടെ അറിവും സമ്മതവും ലഭിച്ചിരുന്നെന്ന് വ്യക്തമാക്കുന്ന ശക്തമായ തെളിവുകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീകരവിരുദ്ധനീക്കത്തിനിടെ മനുഷ്യാവകാശങ്ങളും മൗലിക അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക പ്രതിനിധി ബെന്‍ എമേഴ്സന്റെ റിപ്പോര്‍ട്ട് യുഎന്‍ പൊതുസഭയില്‍ സമര്‍പ്പിച്ചു.

കൊല്ലപ്പെട്ട 33 ആക്രമണങ്ങള്‍ വിശദമായി പരിശോധിച്ചാണ് എമേഴ്സണ്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പാക് സൈന്യത്തിലെയും സര്‍ക്കാരിലെയും ഉന്നതരുടെയും ചാരസംഘടനയായ ഐഎസ്ഐയുടെയും വ്യക്തമായ അംഗീകാരത്തോടെയാണ് അമേരിക്കയുടെ ആക്രമണമെന്ന് 24 പേജുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഡ്രോണ്‍ ആക്രമണം തുടരുന്നത് പാകിസ്ഥാന്റെ പരമാധികാരം ലംഘിക്കലാണെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണക്കാര്‍ പാക് വിദേശമന്ത്രാലയം കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ കണക്കു പ്രകാരം 330 ഡ്രോണ്‍ ആക്രമണങ്ങളാണ് 2004 മുതല്‍ അമേരിക്ക നടത്തിയത്. 2,200 പേര്‍ കൊല്ലപ്പെടുകയും അറുനൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.