ലോകകപ്പ് പ്രവചനങ്ങള്‍ക്ക് ശേഷം പോള്‍ നീരാളി വിശ്രമ ജീവിതം നയിക്കുകയാണെങ്കിലും ആ വംശത്തിലുള്ള എല്ലാവരും അതേപോലെയല്ല. കാസ്സന്ദ്ര എന്ന ഓസ്ട്രേലിയന്‍ പെണ് നീരാളിയാണ് പ്രവചനവുമായി ഇപ്പോള്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത്. കാസ്സന്ദ്രയുടെ പ്രവചനം അനുസരിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിന് സ്ഥാനം നഷ്ടമാകില്ല!
പെണ് നീരാളിയുടെ പ്രവചനം അനുസരിച്ച് ഓഗസ്റ്റ് 21 ന് നടക്കുന്ന ഓസ്ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ ജൂലിയ ഗില്ലാര്‍ഡ് എതിരാളി ടോണി അബോട്ടിനെ തറപറ്റിക്കും!
സിഡ്നി ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മറൈന്‍ സയന്‍സിലാണ് കാസ്സന്ദ്രയുടെ താമസം. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് അറിയാന്‍ കാസ്സന്ദ്രയെ സമീപിച്ചപ്പോള്‍ അവള് ജൂലിയ ഗില്ലാര്‍ഡിന്റെ ചിത്രത്തെ തന്റെ നീളന്‍ കൈയ്യാല്‍ കെട്ടിപ്പിടിച്ചാണത്രേ വിജയം പ്രവചിച്ചത്. ഗില്ലാര്‍ഡിനെ പുണരുക മാത്രമല്ല ടോണി അബോട്ടിനോട് അടുപ്പം കാട്ടാനും കാസ്സന്ദ്ര മടി കാണിച്ചു എന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗ്രീക്ക് പുരാണത്തിലെ പ്രവചനക്കാരിയായ കഥാപാത്രത്തിന്റെ പേരാണ് കാസ്സന്ദ്ര. ഹെക്കുബ രാജ്ഞിയുടെ മകളായ കാസ്സന്ദ്ര അപ്പോളോ ദേവന്റെ അനുഗ്രഹത്താല്‍ പ്രവചനങ്ങള്‍ നടത്താനുള്ള സിദ്ധി സ്വന്തമാക്കി. എന്നാല്‍, അപ്പോളൊയുടെ പ്രണയാഭ്യര്‍ത്ഥന സ്വീകരിക്കാന്‍ മടി കാണിച്ച കാസ്സന്ദ്രയോട് ദേവന് ദ്വേഷ്യം തോന്നുകയും അവളുടെ പ്രവചനങ്ങള്‍ ആരും വിശ്വസിക്കില്ല എന്ന ശാപം നല്‍കുകയും ചെയ്തു. തുടര്‍ന്ന്, ട്രോയ് നഗരത്തിന്റെ പതനം പോലെയുള്ള കാസ്സന്ദ്രയുടെ പ്രവചനങ്ങള്‍ ആരും ചെവിക്കൊണ്ടില്ല എന്നാണ് പുരാണം.
പുരാണത്തിലെ കാസ്സന്ദ്രയുടെ കഥ എന്തുമാവട്ടെ, ഓസ്ട്രേലിയക്കാര്‍ക്ക് കാസ്സന്ദ്ര നീരാളിയുടെ പ്രവചനം സത്യമാണോ എന്ന് പരീക്ഷിക്കാന്‍ ഒരു മാസം കാത്തിരുന്നാല്‍ മതിയാവും!