ക്യാമറ കണ്ട് തോക്കാണെന്ന് കരുതി ഇരു കൈകളും ഉയര്‍ത്തി കീഴടങ്ങുന്ന കുട്ടിയുടെ ചിത്രമായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തത്. കഴിഞ്ഞ ഡിസംബറില്‍ പകര്‍ത്തപ്പെട്ട ഈ ചിത്രം നാലു വയസ്സുകാരിയായ ഹൂദിയയുടേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 25 വര്‍ഷമായി ഉസ്‌മാന്‍ സാഗിര്‍ലി ജോലി ചെയ്യുന്ന തുര്‍ക്കി പത്രത്തിലായിരുന്നു ചിത്രം ആദ്യം അച്ചടിച്ചത്.
താന്‍ ഉപയോഗിച്ച ടെലിഫോട്ടോ ലെന്‍സ് കണ്ട് ഹൂദിയ തോക്കാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു എന്നാണ് സാഗിര്‍ലി പറയുന്നത്. ഫോട്ടോ എടുത്തുകഴിഞ്ഞതിനു ശേഷമാണ് ആ കുഞ്ഞ് എത്രത്തോളം ഭീതിയിലാണെന്ന് തനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞതെന്നും സാഗിര്‍ലി പറയുന്നു. സാധാരണ ഫോട്ടോ എടുക്കുമ്പോള്‍ കുട്ടികള്‍ ചിരിക്കുകയാണ് പതിവ്, എന്നാല്‍ ഇവര്‍ കൈ പൊക്കുകയും വിതുമ്പുകയുമായിരുന്നെന്ന് സാഗിര്‍ലി പറയുന്നു.