കാട്ടുതീ: മരണസംഖ്യ 128 ആയി

Webdunia
ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ ആപകടത്തില്‍ മരിച്ചവരുടെ എണ്ണം 128 ആയി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വിക്ടോറിയ സംസ്ഥാനത്തിന്‍റെ വടക്കന്‍ മേഖലയില്‍ തീ പടര്‍ന്ന് പിടിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇതുവരെ 640 വീടുകള്‍ അഗ്നിക്കിരയായിട്ടുണ്ട്. അന്തരീക്ഷ താപനം വര്‍ധിച്ചതും ശക്തമായ കാറ്റടിക്കുന്നത് മൂലവുമാണ് തീ പടര്‍ന്ന് പിടിച്ചത്. വിക്ടോറിയയില്‍ 46 ഡിഗ്രി സെല്‍‌ഷ്യസ്‌ താപനിലയാണ്‌ ഇന്നലെ രേഖപ്പെടുത്തിയത്‌.

രാജ്യത്തിനേറ്റ കനത്ത ദുരന്തമാണ് ഇതെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റുഡ്ഡ് പറഞ്ഞു. ആ‍യിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങള്‍ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്.

10 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറിന്‍റെ അടിയന്തര സഹായം സംസ്ഥാനത്തിന് അനുവദിച്ചതായി കെവിന്‍ റുഡ്ഡ് പറഞ്ഞു. പ്രദേശത്ത് സൈന്യത്തിന്‍റെ സഹായം ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്.

തീ പടര്‍ന്നു പിടിക്കുകയാണെന്നും മരണ സംഖ്യ ഉയരാനിടയുണ്ടെന്നും വിക്ടോറിയ സംസ്ഥാന പൊലീസ്‌ അറിയിച്ചു. 30000 ഹെക്ടറില്‍ തീ പടര്‍ന്നതായാണ് കണക്കാക്കുന്നത്. ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അഗ്നിബാധയാണ് വിക്ടോറിയയില്‍ ഉണ്ടായിട്ടുള്ളത്.

1983 ല്‍ വിക്ടോറിയയിലുണ്ടായ അഗ്നിബാധയില്‍ 75 പേര്‍ മരിക്കുകയും 3000 വീടുകള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു.