കലിഫോര്‍ണിയ കാട്ടുതീയ്ക്ക് കാരണം കുട്ടി

ബുധന്‍, 31 ഒക്‌ടോബര്‍ 2007 (17:35 IST)
അടുത്തിടെ അമേരിക്ക അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തമായ കലിഫോര്‍ണിയ കാട്ടുതീയ്ക്ക് കാരണം ഒരു കുട്ടിയാണെന്ന് കലിഫോര്‍ണിയ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഒരു കുട്ടി തീപ്പെട്ടിയുമായി കളിച്ചതാണത്രെ ദുരന്തത്തിനു കാരണം. കുട്ടി ഇക്കാര്യം പൊലീസിനോട് സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.

ഒക്ടോബര്‍ 21 നാണ് കലിഫോര്‍ണിയ സംസ്ഥാനത്തെ നാലു ലക്ഷത്തോളം ഏക്കര്‍ സ്ഥലം ദഹിപ്പിച്ച കാട്ടുതീ ആരംഭിച്ചത്. മലിബുവിലെ ഒരു പവര്‍ കേബ്ബിളിലുണ്ടായ തീപ്പൊരിയാണ് കാട്ടുതീയിലേക്കു നയിച്ചതെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ട്.

കുറ്റസമ്മതം നടത്തിയ കുട്ടിയ തിരിച്ചു വീട്ടിലേയ്ക്കയച്ചു. കുട്ടിയ്ക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നടപടി ഉണ്ടാവുമൊ എന്നതിനെ കുറിച്ച് ജില്ലാ അറ്റോര്‍ണി ഓഫീസ് വ്യക്തമാക്കിയില്ല. കാട്ടുതീയ്ക്ക് ഇടയാക്കിയവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കലിഫോര്‍ണിയ സംസ്ഥാന അധികൃതര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

കാട്ടുതീയില്‍ പതിനാലു ജീവനുകള്‍ നഷ്ടപ്പെടുകയും ആയിരത്തി എണ്ണൂറോളം വീടുകള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു. സാന്‍ ഡിയാഗൊ കൌണ്ടിയില്‍ മാത്രം ഒരു ബില്യന്‍ ഡോളറിന്‍റെ നാശനഷ്ടമുണ്ടായി എന്നാണു കണക്ക്.

വെബ്ദുനിയ വായിക്കുക