കനത്ത മഴ: യുഎഇയില്‍ സ്‌കൂളുകള്‍ക്ക് അവധി; എസ് എസ് എല്‍ സി പരീക്ഷ മാറ്റമില്ലാതെ നടക്കും

Webdunia
വ്യാഴം, 10 മാര്‍ച്ച് 2016 (03:32 IST)
യു എ ഇയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. വെള്ളംകെട്ടി നില്‍ക്കുന്നതിനാല്‍ ഗതാഗതം സ്തംഭിച്ച അവസ്ഥയിലാണ്. ശക്തമായ മഴയെ തുടര്‍ന്ന് യു എ ഇയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് അബുദാബി വിമാനത്താവളത്തില്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. 
 
ഇന്ന് പുലര്‍ച്ചെയോടെയാണ് യു എ ഇയില്‍ ശക്തമായ മഴ ആരംഭിച്ചത്. പല പ്രധാനറോഡുകളിലും വെള്ളം കയറിയത് ഗതാഗതത്തെ കാര്യമായി തന്നെ ബാധിച്ചു. അബുദാബി, ദുബായി, ഷാര്‍ജ എന്നിവിടങ്ങളില്‍ ഇടിമിന്നലിന്റെ അകമ്പടിയോടെ ആണ് മഴ പെയ്തത്. റോഡുകളില്‍ പൂര്‍ണമായും വെള്ളം കയറിയതിനാല്‍ കാറുകള്‍ റോഡില്‍ കുടുങ്ങി. ഇതുകാരണം മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കാണ് മിക്കയിടങ്ങളിലും അനുഭവപ്പെട്ടത്.
 
അബുദാബിയില്‍ ശക്തമായ മഴയില്‍ മരങ്ങള്‍ കടപുഴവീണു. കനത്ത മഴയെ തുടര്‍ന്ന് അബുദാബി രാജ്യാന്തരവിമാനത്താവളത്തില്‍ ഉച്ചവരെ സര്‍വീസ് നിര്‍ത്തിവെച്ചു. ദുബായി രാജ്യാന്തരവിമാനത്താവളത്തിലും മഴ വ്യോമഗതാഗതത്തെ ബാധിച്ചു.
 
മഴ നാളെ രാവിലെ വരെ തുടരും എന്നാണ് യു എ ഇ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ മിക്ക സ്കൂളുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. എന്നാല്‍ കേരള എസ് എസ് എല്‍ സി പരീക്ഷ അടക്കമുള്ള പൊതുപരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. ഇന്നും ദുബായിയിലെയും അബുദാബിയിലേയും പല സ്‌കൂളുകള്‍ക്കും അധികൃതര്‍ അവധി നല്‍കിയിരുന്നു.