ഓസ്കര്‍ വേദിയില്‍ അണിഞ്ഞ ‘മുത്തുടുപ്പ്’ മോഷണം പോയി

Webdunia
ശനി, 28 ഫെബ്രുവരി 2015 (08:42 IST)
ഓസ്കര്‍ വേദിയില്‍ അണിഞ്ഞ ‘മുത്തുടുപ്പ്’ മോഷണം പോയി. ഉടുപ്പ് പോയതിന്റെ മനോവിഷയം ഇനിയും നടി ലുപിറ്റ ന്യോങിനെ വിട്ടുമാറിയിട്ടില്ല. ഞായറാഴ്ച നടന്ന ഓസ്കര്‍ പുരസ്കാരവിതരണ ചടങ്ങിലെ അവതാരകയായിരുന്നു ന്യോങ് ചടങ്ങില്‍ അണിഞ്ഞിരുന്ന വസ്ത്രമാണ് കാണാതെ പോയിരിക്കുന്നത്. 
 
വെറുമൊരു ഉടുപ്പല്ല ഇത്. 6000 പ്രകൃതിദത്തമായ വെളുത്ത മുത്തുകള്‍ തുന്നിച്ചേര്‍ത്തുണ്ടാക്കിയതാണ് ഈ ഉടുപ്പ്. കാള്‍വിന്‍ ക്‌ളിനിനുവേണ്ടി ഫ്രാന്‍സിസ്‌കോ കോസ്റ്റ ഡിസൈന്‍ ചെയ്ത വസ്ത്രം 25 പേര്‍ ചേര്‍ന്ന് 10 ആഴ്ച കൊണ്ടാണ് നെയ്‌തെടുത്തത്. 6000 മുത്തുകള്‍ കൈകൊണ്ട് തുന്നിച്ചേര്‍ക്കുകയായിരുന്നു. 150,000 ഡോളര്‍ ആണ് ഈ ഉടുപ്പിന്റെ വില.
 
ഓസ്കര്‍ വേദിയില്‍ ലുപിറ്റ ന്യോങ് അണിഞ്ഞ ഈ വസ്ത്രം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വെസ്റ്റ് ഹോളിവുഡിലെ ലണ്ടന്‍ ഹോട്ടലില്‍ നിന്ന് ന്യോങ് പുറത്തുപോയ സമയം നോക്കിയായിരുന്നു മോഷണം എന്നാണ് കരുതുന്നത്. മോഷ്‌ടാവിനെ കണ്ടെത്താന്‍ ഹോട്ടലിലെ സി സി ടി വി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്.
 
'12 ഇയേഴ്‌സ് ഓഫ് സ്ലേവ്' എന്ന ചിത്രത്തിലൂടെ 2014ല്‍ മികച്ചസഹനടിക്കുള്ള പുരസ്‌കാരം നേടിയ സെലിബ്രിറ്റിയാണ് കെനിയക്കാരിയായ 31കാരി ന്യോങ്.