ശബ്‌ദവും വെളിച്ചവും കണ്ണുചിമ്മി നിന്നപ്പോള്‍ കൊഡാക് തിയറ്ററില്‍ മികച്ച നടി ആരെന്ന് പ്രഖ്യാപിക്കപ്പെട്ടു. ബ്ലാക് സ്വാനിലെ അഭിനയത്തിന് നതാലി പോര്‍ട്മാന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ദി കിംഗ്സ് സ്പീച്ചിലെ അഭിനയമികവിന് കോളിന്‍ ഫിര്‍ത്ത് മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു.
ആദ്യമായിട്ടാണ് നതാലി പോര്‍ട്മാന് ഓസ്കര്‍ പുരസ്കാരം ലഭിക്കുന്നത്. ബ്ലാക്‍സ്വാന്‍ എന്ന സൈക്കോളജിക്കല്‍ ഹൊറര്‍ സിനിമയിലെ പ്രധാന വേഷം ചെയ്തതിനാണ് നതാലി പോര്‍ട്മാന് 2011-ലെ ഓസ്കര്‍ പുരസ്കാരം ലഭിച്ചത്.
മുപ്പതുകാരിയായ പോര്‍ട്മാന്‍ മികച്ച നടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ്, ബാഫ്ത പുരസ്കാരങ്ങള്‍ സ്വന്തമാക്കിയതോടെ ഇവര്‍ അക്കാഡമി അവാര്‍ഡും സ്വന്തമാക്കുമെന്ന ഊഹം ശക്തമായിരുന്നു. അനെറ്റെ ബെനിംഗ്, നിക്കോള്‍ കിഡ്മാന്‍ എന്നിവരെ പിന്തള്ളിയാണ് പോര്‍ട്മാന്‍ മികച്ച നടിയായത്.
2005- ല്‍ ‘ക്ലോസറി’ലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഓസ്കര്‍ നോമിനേഷന്‍ നതാലി പോര്‍ട്മാന് കൈയെത്തും ദൂരത്തില്‍ നഷ്ടമായിരുന്നു.
ദ കിംഗ്സ് സ്പീച്ച് എന്ന ചിത്രത്തില്‍ ജോര്‍ജ്ജ് ആറാമന്‍ രാജാവിനെ അവതരിപ്പിച്ചതിനാണ് കോളിന്‍ ഫിര്‍ത്തിന് 2011-ലെ മികച്ച നടനുള്ള അക്കാഡമി അവാര്‍ഡ് ലഭിച്ചത്. ജെഫ് ബ്രിഡജസ്, ജെസ്സെ എയ്സന്‍ബര്‍ഗ് എന്നിവരെ പിന്തള്ളിയാണ് കോളിന്‍ ഫിര്‍ത്ത് ഒന്നാമതെത്തിയത്. ബാഫ്തയിലും ഗോള്‍ഡന്‍ഗ്ലോബിലും നടന വൈഭവത്തിന്റെ മികവിലൂടെ അവാര്‍ഡ് സ്വന്തമാക്കിയ കോളിന്‍ ഫിര്‍ത്തിന് ഈ വര്‍ഷത്തെ ഓസ്കര്‍ ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.